വാഷിംഗ്ടൺ: അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് സ്ഥാനമേൽക്കും. ഇന്നലെ രാത്രി ബൈഡൻ ലിങ്കൺ സ്മാരകത്തിലെത്തി കൊവിഡ് മൂലം ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ചു. നാല് ലക്ഷത്തിലധികം പേർക്കാണ് യുഎസിൽ വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്.
'എല്ലാ മുറിവുകളും ഉണങ്ങണം. അത് നാം മറക്കരുത്. ചിലത് ഓർക്കുക എന്നത് തന്നെ വളരെ സങ്കടകരമായ കാര്യമാണ്. എന്നാൽ മുറിവുണങ്ങാൻ അത് ചിലപ്പോൾ ആവശ്യവുമാണ്. ഒരു രാഷ്‌ട്രമെന്ന നിലയിൽ നാം അത് ചെയ്യേണ്ടിവരും. അതിനായിട്ടാണ് നമ്മൾ ഒത്തുചേർന്നിരിക്കുന്നത്.നമുക്ക് നഷ്ടമായതിനേയും നഷ്ടപ്പെട്ടവരേയും ഓർക്കാം'- അദ്ദേഹം പറഞ്ഞു.ബൈഡനൊപ്പം വൈസ് പ്രസിഡന്റ് കമല ഹാരിസും ഉണ്ടായിരുന്നു.
കൊവിഡിനെ തുരത്തുന്നതിൽ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു.കഴിഞ്ഞ ഒരു വർഷമായി തന്റെ മുൻഗാമിക്ക് സാധിക്കാതിരുന്ന ദൗത്യം താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മഹാമാരിയെ പടിക്ക് പുറത്താക്കുന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.