തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ ബി ജെ പിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ പുന:സംഘടന ഉൾപ്പെടെയുളള നടപടികളുമായി ജില്ലാ നേതൃത്വം. തിരുവനന്തപുരം, വർക്കല, പാറശാല എന്നീ മണ്ഡലം പ്രസിഡന്റുമാരെ മാറ്റി കമ്മിറ്റി പുന:സംഘടിപ്പിച്ചു. കോർപ്പറേഷൻ ഭരണം പിടിക്കാനുളള സാഹചര്യമുണ്ടായിട്ടും അത് നഷ്ടപ്പെടുത്തിയതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് മറനീക്കി പുറത്തുവന്നിട്ടുളളത്.
കോർപ്പറേഷനിലെ മോശം പ്രകടനത്തിന്റെ കാരണക്കാരെ ചൊല്ലിയാണ് പ്രധാനമായും പാർട്ടിക്കുളളിലെ പോര്. എന്നാൽ, ജില്ലയിൽ വിജയസാദ്ധ്യതയുളള പല സ്ഥലങ്ങളിലും പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കവും രൂക്ഷമായി. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് പുതിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരെ നിയോഗിച്ചു. പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചതിനു പകരം പകരക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ചില മണ്ഡലങ്ങളിൽ നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്. 61 സീറ്റുകളോടെ കോർപ്പറേഷനിൽ അധികാരത്തിൽ വരാമെന്നായിരുന്നു ബി ജെ പി പ്രതീക്ഷ. എന്നാൽ, പ്രവർത്തനത്തിലെ പാളിച്ചകൾ കാരണമാണ് 32 സീറ്റുകളിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ടതെന്നും അതാണ് പ്രതിപക്ഷത്തിരിക്കാൻ കാരണമായതെന്നുമാണ് വിലയിരുത്തൽ. 35 സീറ്റുകളിലാണ് ഇത്തവണ ബി ജെ പി വിജയിച്ചത്.
തിരുവനന്തപുരം മണ്ഡലത്തിലെ ഉറച്ച സീറ്റുകളെന്ന് കരുതിയ ആറ്റുകാൽ, ശ്രീവരാഹം ഉൾപ്പടെ 11 സിറ്റിംഗ് സീറ്റുകൾ നഷ്‌ടപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് തോൽവിയിലേക്ക് നയിച്ചതെന്നാണ് ആരോപണം. നേതാക്കളിൽ ചിലർ തമ്മിൽ ഐക്യമില്ലാത്തത് പ്രശ്‌നം വഷളാക്കി. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനാൽ പ്രധാന നേതാവ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മറ്റൊരു ഭാരവാഹിയുടെ ഭാര്യയെ പരാജയപ്പെടുത്താൻ ഈ നേതാവ് ചരടുവലിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ് കെ പി രമേശിനെ മാറ്റി പകരം ഹരികൃഷ്ണനെ പ്രസിഡന്റാക്കി. കെ എം സുരേഷ്, എസ് ബാലകൃഷ്ണൻ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിയോഗിച്ചു. പാറശാല മണ്ഡലം പ്രസിഡന്റായി അഡ്വ മഞ്ചവിളാകം പ്രദീപ്, ജനറൽ സെക്രട്ടറിമാരായി പെരുങ്കടവിള പ്രസന്നൻ, എസ് വി ശ്രീജേഷ് എന്നിവരെയും നിയമിച്ചു. വർക്കലയിൽ ഇലകമൺ ബിജുവിനെ പ്രസിഡന്റും സജി മുല്ലനെല്ലൂർ, തച്ചോട് സുധീർ എന്നിവരെ ജനറൽ സെക്രട്ടറിമാരായും നിശ്ചയിച്ചു. കോവളം മണ്ഡലം ജനറൽ സെക്രട്ടറിയായി അഡ്വ എസ് സുനീഷിനെയും നിയോഗിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ പാർട്ടിയിൽ കാര്യമായ അഴിച്ചുപണി നടത്താൻ നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. വ്യക്തികളെ നോക്കാതെ സംഘടനാ ശക്തി ഉറപ്പാക്കുകയെന്ന ലക്ഷ്യം വച്ചുളള പ്രവർത്തനങ്ങളാകും ഉണ്ടാവുക. ബി ജെ പി പ്രതീക്ഷ വയ്‌ക്കുന്ന കൂടുതൽ എ പ്ലസ് മണ്ഡലങ്ങളുളള ജില്ല എന്നതിനാൽ തന്നെ തലസ്ഥാനം വിട്ടൊരു കളിയ്‌ക്കും ബി ജെ പി തയ്യാറാകില്ല.