b-sandhya

2021 ജനുവരി 18 തിങ്കളാഴ്ച എന്റെ കുടുംബത്തിന് അവിസ്മരണീയ ദിനമായി. കേരള കൗമുദിയിലെ ആഴ്ചതോറുമുള്ള ലേഖനങ്ങൾ സമാഹരിച്ച് സൈൻ ബുക്സ് പ്രസിദ്ധീകരിച്ച 'ഒരു പുഞ്ചിരി മറ്റുള്ളവർക്കായി' എന്ന പുസ്തകം കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ എന്റെ മാതാപിതാക്കളായ കാർത്യായനിയമ്മ, ഭാരതദാസ് എന്നിവർക്കു നൽകി പ്രകാശിപ്പിച്ചു. ഒപ്പം മകൾ ഹൈമയുടെയും പുസ്തകത്തിലെ ചിത്രങ്ങളുടെ ചിത്രകാരൻ മുരളിയുടെയും സാന്നിദ്ധ്യവും. ആദരണീയനായ ഗവർണറുടെ ജീവിതം നല്ല വായനക്കാരനായ അച്ഛനു പരിചിതം. അച്ഛനു നമസ്‌കാരം പറഞ്ഞു കൊണ്ട് അദ്ദേഹം ചോദിച്ചു 'അച്ഛനെത്ര വയസായി ' തൊണ്ണൂറ് എന്നു പറഞ്ഞപ്പോൾ 'മാഷാ അള്ളാ' എന്നു പ്രതികരണം. അമ്മയോടും മോളോടുമൊക്കെ ധാരാളം കുശലം.

കേരളീയ വേഷമായ മുണ്ട് അദ്ദേഹത്തിനു നന്നായി ഇണങ്ങുന്നുണ്ട്. അത് ധരിയ്ക്കാൻ വിഷമമുണ്ടോ എന്ന ചോദ്യത്തിന് വളരെ സുഖപ്രദമാണ് എന്നുത്തരം. അദ്ദേഹം തുടർന്നു; 'സാധാരണ പോലീസുകാർ ദിവസവും കള്ളന്മാരെ കണ്ടുകണ്ട് അവരുടെ 'സെൻസിബിലിറ്റി' കുറഞ്ഞു കുറഞ്ഞു വരും. ഇവിടെ അത് ഒരു ഓഫീസറിൽ കൂടിക്കൂടി വരുന്നതും സാധാരണക്കാരുടെ സങ്കടങ്ങൾ ഹൃദയത്തിൽ കൊള്ളുന്നതും ഞാൻ മനസിലാക്കുന്നു..ആദികവി വാത്മീകിയിലും ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വീഴ്‌ത്തിയ വേടനോട് 'മാ നിഷാദ' എന്നുരച്ചു കൊണ്ടാല്ലോ കവിത അണപൊട്ടിയത്. സർവേപ്പള്ളി രാധാകൃഷ്ണൻ പറഞ്ഞതോർക്കുന്നു, മനുഷ്യനായി ജനിച്ചവർക്കു രണ്ടു കാര്യങ്ങളാണു വേണ്ടത്; ഒന്നു കാവ്യരസം നുണയാനാകണം; രണ്ട് സത്സംഗം. ഞാനെന്റെ കുട്ടിക്കാലത്ത് സ്‌പോർട്സിലോ കലകളിലോ ഒന്നും ഏർപ്പെട്ടിട്ടില്ല. പക്ഷേ പുസ്തകങ്ങൾ എന്റെ സന്തത സഹചാരികളായിരുന്നു. അതുകൊണ്ട് ലോകത്തെ മുഴുവൻ സ്ഥലങ്ങളും ചരിത്രത്തിലെ മുഴുവൻ തലമുറകളും എനിയ്ക്കു സ്വന്തമായി. ഒരിയ്ക്കലും ഞാൻ ഒറ്റയ്ക്കായില്ല.' ഡോക്ടറായ മോളോട് കൊവിഡ് വാക്സിനേഷനെ കുറിച്ചായി ഗവർണറുടെ ചോദ്യം. ഇവിടെ എത്രപേർക്കു വാക്സിനെടുത്തു; എന്തെങ്കിലും റിയാക്ഷൻ ആർക്കെങ്കിലുമുണ്ടായോ എന്നൊക്കെയായി അന്വേഷണം. ഒരു അന്യവസ്തു നമ്മുടെ ദേഹത്തു കുത്തിവയ്ക്കുമ്പോൾ ചിലരിൽ ചില ചെറിയ പ്രതികരണങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്. അതിനെ പർവതീകരിച്ചാൽ ജനങ്ങളുടെ ഉള്ളിൽ അകാരണമായ ഭയം നിറയും. അതു നന്നല്ല. കൊവിഡിനു ശേഷം അദ്ദേഹം ക്ഷീണമൊക്കെ മാറി സ്വസ്ഥനായിക്കഴിഞ്ഞു എന്നും പറയുകയുണ്ടായി. അനർഗളമായി ഒഴുകുന്ന വാക്കുകളിൽ കാരുണ്യത്തിന്റെ തേനും അറിവിന്റെ ആഴവുമുണ്ട്. ആ സരള മധുര ഭാഷണവും അന്തസുറ്റ, സ്‌നേഹം നിറഞ്ഞ പെരുമാറ്റവും ആരേയും ആകർഷിക്കാൻ പോന്നതാണ്. പിരിയും മുൻപ് മോൾക്ക് അനുഗ്രഹങ്ങൾ നൽകാനും മറന്നില്ല. അരമണിക്കൂർ കൊണ്ട് ആരിഫ് മുഹമ്മദ് ഖാൻ എന്ന വലിയ മനുഷ്യൻ ഞങ്ങളുടെ എല്ലാവരുടേയും ഹൃദയത്തിലിടം
പിടിച്ചു.

‘We do propaganda through poetry; but do administration through prose’ എന്നദ്ദേഹം പറഞ്ഞത് മനസിൽ പ്രതിധ്വനിയ്ക്കുന്നു. മനുഷ്യന്റെ ഹൃദയത്തെ സ്വാധീനിക്കാൻ കവിതയ്ക്കാണു കഴിയുക... കാര്യങ്ങൾ നടപ്പാക്കാൻ കണക്കു വേണ്ടിവരുമെങ്കിലും... ജനങ്ങളുടെ ഹൃദയത്തിൽ തൊട്ടുകൊണ്ട് കൃത്യമായി ഭരണം കൊണ്ടു പോകുന്നയാളാണല്ലോ ഒരു യഥാർത്ഥ നേതാവ്... വാക്കുകൾ നന്നായി നിരത്തുമ്പോൾ ഗദ്യം... നല്ല വാക്കുകൾ ഒഴുകുമ്പോൾ കവിത... ഒരു ഇംഗ്ലീഷ് പ്രൊഫസർ പറയാനിടയുള്ള വാക്കുകൾ ഒരു മനുഷ്യസ്‌നേഹിയായ പണ്ഡിതനിൽ നിന്നു കേട്ട പ്രതീതി.
എന്റെ ഇതിനു മുൻപു നടന്ന പുസ്തക പ്രകാശനച്ചടങ്ങ് 'ഇതിഹാസത്തിന്റെ ഇതളുകൾ' എന്ന നോവലിന്റേതാണ്. അതു നിർവഹിച്ചത് സ്‌നേഹനിധിയായ വലിയ മനസിന്റെ ഉടമ എം.പി. വീരേന്ദ്രകുമാറാണ്. വായനയുടെ ആഴവും പരപ്പും കൊണ്ടും വിശാലമനസ്‌കത കൊണ്ടും ഹൃദയം തൊടുന്ന സ്‌നേഹം കൊണ്ടും എനിക്കേറെ പ്രിയപ്പെട്ട അദ്ദേഹം ഇന്ന് ഓർമ്മയാണ്. പ്രകാശനച്ചടങ്ങിൽ അന്ന് അദ്ദേഹം നടത്തിയ ദീർഘഭാഷണം ഓർമ്മയിലോടിയെത്തുന്നു. സോഷ്യലിസത്തെക്കുറിച്ചും ഹിമാലയ യാത്രയെക്കുറിച്ചും ഹംപിയെക്കുറിച്ചും ജൈനമതത്തെക്കുറിച്ചുമൊക്കെ എത്ര നീണ്ട സംഭാഷണങ്ങളിൽ ഞങ്ങൾ ഏർപ്പെട്ടിരിയ്ക്കുന്നു. എന്റെ രണ്ടു നോവലുകളും കുടുംബത്തിനു പുറത്തു നിന്ന് ആദ്യം വായിച്ചത് അദ്ദേഹമായിരുന്നു. കേരളത്തിന്റെ, ഭാരതത്തിന്റെ, ലോകത്തിന്റെ ഒട്ടേറെ ഏടുകളിൽ കയ്യൊപ്പു ചാർത്തിയ വിശ്വപൗരൻ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ഒരുപിടി പൂക്കൾ കൊണ്ട് അർച്ചന ചെയ്യട്ടെ.
ശ്രീ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ തന്നെ ഓർക്കുകയാണ്. വലിയ മനസുള്ള ആളുകളെ പരിചയപ്പെടാനും അവരുമായി സംവദിയ്ക്കാനും അവസരം ലഭിയ്ക്കുന്നത് ജീവിതത്തിൽ ഏറെ വിലപ്പെട്ട കാര്യമാണ്. മസൂറിയിലും ഹൈദരാബാദിലും ഞങ്ങളുടെ അക്കാദമിയിൽ ടി.എൻ. ശേഷൻ, ബാലമുരളീകൃഷ്ണ തുടങ്ങി എത്രയോ പ്രതിഭകളെ പ്രൊബേഷണർമാർക്കു പരിചയപ്പെടാനും അവരുടെ പ്രസംഗം കേൾക്കാനും സംവദിക്കാനും അവസരമൊരുക്കിയിരുന്നു. ഞങ്ങൾ ചെറുപ്പക്കാരുടെ കുസൃതിച്ചോദ്യങ്ങൾക്ക് അതിലും വലിയ കുസൃതി ഉത്തരം നൽകിയ ശേഷന്റെ ശേഷി ഞങ്ങളൊക്കെ ജില്ലകളിൽ ഇലക്ഷൻ നടത്തുമ്പോൾ അറിഞ്ഞു. നമ്മുടെ കുട്ടികൾക്ക് മഹാപ്രതിഭകളെ കാണാൻ നാം അവസരമൊരുക്കണം.