അസാദ്ധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽക്കൂടി ലോകത്തിന് മുന്നിൽ തെളിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ മണ്ണിൽ വീണ്ടുമൊരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുന്നു. ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്നേവരെ ആരും നേടിയിട്ടില്ലാത്ത സ്കോർ ഉയർത്തിയ ഇന്ത്യയുടേത് ചരിത്രത്തിലെ ഏറ്റവും മഹത്തരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ ആസ്ട്രേലിയയെ അവിടെച്ചെന്ന് തോൽപ്പിക്കുന്നത് അത്ഭുതമൊന്നുമല്ല. രണ്ടുകൊല്ലം മുമ്പ്, വിരാട് കൊഹ്‌ലിയുടെയും കൂട്ടരുടെയും പരമ്പര വിജയം ഇതേ മാർജിനിലായിരുന്നുതാനും. എന്നാൽ അതിൽനിന്ന് ഈ വീരഗാഥയെ വേറിട്ടുനിറുത്തുന്നത് വിരാടിനെപ്പോലൊരു ഇതിഹാസ താരത്തിന് കീഴിൽ അണിനിരന്ന സൂപ്പർതാരങ്ങളുടെ ടീമിനെയല്ല അജിങ്ക്യ രഹാനെ കിരീടമണിയിച്ചത് എന്നതാണ്. ആസ്ട്രേലിയൻ ബൗളർമാരുടെ ബൗൺസറുകളേക്കാൾ തീക്ഷ്ണതയുള്ള വെല്ലുവിളികളാണ് പരമ്പരയിലുടനീളം ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്.
ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമുണ്ടാകാനായി ആദ്യ ടെസ്റ്റിന് ശേഷം വിരാട് മടങ്ങുമ്പോൾ വെറും 36 റൺസിന് അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിംഗ്സിൽ ചുരുട്ടിക്കൂട്ടപ്പെട്ടവർ എന്ന നാണക്കേടായിരുന്നു ബാക്കി. പേസർ മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതും ആദ്യ ടെസ്റ്റിലാണ്. പിന്നെ പരിക്കുകളുടെ ഒരു പരമ്പരതന്നെ തേടിയെത്തി. അശ്വിനും ബുംറയും ഹനുമ വിഹാരിയും ജഡേജയുമൊക്കെ പരിക്കേറ്റു വീണപ്പോൾ നെറ്റ്സ് പരിശീലനവേളയിൽ പന്തെറിഞ്ഞു കൊടുക്കാനായി കൊണ്ടുപോയവരെപ്പോലും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടിവന്നു. ഗാലറിയിൽ നിന്നുള്ള കാണികളുടെ വംശീയവിദ്വേഷം നിറഞ്ഞ തെറിവിളികൾ ഒരു വശത്ത്. തിണ്ണമിടുക്കിന്റെ ഉൗറ്റം കാട്ടിയ ആസ്ട്രേലിയൻ താരങ്ങളുടെ വെല്ലുവിളിയും ബൗൺസർ ആക്രമണവും മറുവശത്ത്. ഇവയ്ക്കെല്ലാമിടയിലും ഒരു നിമിഷംപോലും മനസ് തളരാതെ ടീമിനെ നയിച്ച അജിങ്ക്യ രഹാനയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
ഒറ്റയാൻ പോരാട്ടങ്ങളുടെ ബാക്കിപത്രമല്ല ഇന്ത്യയുടെ പരമ്പര വിജയം. ടീം കൂട്ടായ്മയുടെ പ്രതിഫലനമാണ് ഓരോ മത്സരത്തിലും കണ്ടത്. ഏറുകൊണ്ട് വീഴുമ്പോഴും പതിയെ എഴുന്നേറ്റ് വന്മതിലുപോലെ വീണ്ടും പ്രതിരോധിച്ചു നിന്ന ചേതേശ്വർ പുജാരയും നടുവ് വളച്ച് ഷൂ ലേസ് പോലും കെട്ടാൻ കഴിയാതിരുന്നിട്ടും മൂന്നര മണിക്കൂറോളം സിഡ്നിയിലെ ക്രീസിൽ പിടിച്ചുനിന്ന രവിചന്ദ്രൻ അശ്വിനും, പൊട്ടലേറ്റ വിരലുമായി ബൗൾ ചെയ്ത ജഡേജയും ഓരോ ഓവറിനിടയിലും ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ ബാറ്റുചെയ്ത ഹനുമ വിഹാരിയും, പിതാവ് മരണപ്പെട്ട വേദന മനസിലൊതുക്കി അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കാനായി പ്രയത്നിച്ച് ഓരോ മത്സരത്തിലും സ്വയം മെച്ചപ്പെട്ട സിറാജും, വിമർശനങ്ങളെ ഭയന്ന് ബാറ്റിംഗ് ശൈലി മാറ്റാതിരുന്ന റിഷഭ് പന്തും, പ്രായത്തിൽ കവിഞ്ഞ പക്വതയുമായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഗില്ലും വിദേശത്തെ ഓപ്പണിംഗിൽ പരിചയമില്ലാതിരുന്നിട്ടും ആ ഉത്തരവാദിത്വം ഏറ്റെടുത്ത രോഹിത്തും അപ്രതീക്ഷിതമായി ലഭിച്ച അവസരത്തിൽ ആത്മാർപ്പണത്തോടെ കളിച്ച ശാർദ്ദൂൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും നടരാജനുമൊക്കെ ഈ വിജയത്തിന്റെ മുന്നണിപ്പോരാളികളാണ്.
ഇവരാരും ഇന്ത്യകണ്ട ഏറ്റവും മഹാന്മാരായ ടെസ്റ്റ് താരങ്ങളായി പരിഗണിക്കപ്പെടണമെന്നില്ല. എന്നാൽ ഇവർ ആസ്ട്രേലിയൻ മണ്ണിൽ നേടിയെടുത്തത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം തന്നെയാണ്. അഭിനന്ദനങ്ങൾ ടീം ഇന്ത്യ...