thomas-issac

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസിൽ നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ചു. തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോ‍ർട്ടാണ് കമ്മിറ്റി തയ്യാറാക്കിയത്. അവകാശ ലംഘന പരാതിയിൽ ഐസക്കിനെതിരായ തുടർ നടപടി അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാർശ.

സി എ ജിക്കെതിരായ മന്ത്രിയുടെ ആരോപണം വസ്‌തുതാധിഷ്‌ഠിതമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സി എ ജിക്കെതിരായ ഐസക്കിന്റെ ആരോപണങ്ങളും സി എ ജി റിപ്പോർട്ടിന്റെ ഉളളടക്കം പുറത്തുവിട്ട പ്രശാന്ത് ഭൂഷണെതിരെ രാജ്യസഭ എത്തിക്‌സ് കമ്മിറ്റി നടപടി എടുക്കാത്ത കീഴ്‌വഴക്കവും പരിഗണിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം, സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്തെ മൂന്ന് എം എൽ എമാരുടെ വിയോജിപ്പോടെയാണ് ക്ലീൻ ചിറ്റ്. റിപ്പോർട്ട് സ്‌പീക്കർ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കും. വോട്ടിംഗ് ഉണ്ടായാലും സർക്കാർ തീരുമാനത്തിനാകും അംഗീകാരം ലഭിക്കുക.

സി എ ജി റിപ്പോർട്ട് ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മറുപടി പറയുകയാണ് ചെയ്‌തതെന്നാണ് മന്ത്രി എത്തിക്‌സ് കമ്മിറ്റി മുമ്പാകെ നേരിട്ട് ഹാജരായി നൽകിയ വിശദീകരണം. അതേസമയം, സി എ ജിക്കെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഇന്നും നടത്തിയത്. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താനുളള നീക്കമാണ് നടക്കുന്നതെന്ന് ഐസക്ക് ഇന്നും സഭയിൽ ആവർത്തിച്ചു.