eee

ആഞ്ഞടിച്ച വിവാദ കൊടുങ്കാറ്റിലും ഉലയാതെ മിന്നുന്ന പ്രകടനമാണ് കഴിഞ്ഞ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കാഴ്‌ച വച്ചത്. കേസുകളിലും വിവാദങ്ങളിലും പെട്ട് മുൾമുനയിൽനിൽക്കുമ്പോൾ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റിനെ അതിജീവിച്ച് നേടിയ ഈ വിജയം സർക്കാരിനും മുന്നണിക്കും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. യു.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ വിള്ളൽവീഴ്‌ത്തിയാണ് ഈ മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനായി. ഇടയ്‌ക്ക് മങ്ങിയ തുടർഭരണമെന്ന പ്രതീക്ഷ വീണ്ടും സജീവമായി.തിരഞ്ഞെടുപ്പ്ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടായിരുന്നു ഇടതുമുന്നണിക്കും യുഡിഎഫിനും. സർക്കാരിന്റെ വികസനത്തിനും ജനക്ഷേമപദ്ധതികൾക്കുമുള്ള അംഗീകാരമായാണ് ജനവിധിയെ ഇടതുമുന്നണി കാണുന്നത്. അതിനാൽ തന്നെ ഫലം സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതുമായി. ഇടതുമുന്നണിയുടെ ഇടിവെട്ട് വിജയം കാർട്ടൂണിൽ വിഷയമായത് ഈ പംക്തിയിൽ നേരത്തേ എഴുതി. ഇടിക്കൂട്ടിലെ എതിരാളികളെയും സാക്ഷാൽ ഇ.ഡിയേയും തറപറ്റിച്ച് നിൽക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഫലപ്രഖ്യാപനദിവസത്തെ കാർട്ടൂണിലും താരം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ

കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന യു.ഡി.എഫിൽ പലവിധ അസ്വാരസ്യങ്ങളും തലപൊക്കി. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു എന്ന രീതിയിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. നേതൃമാറ്റം വേണം എന്നു വരെ പലരും ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെട്ടു. പരാജയത്തെ കുറിച്ച് കോൺഗ്രസ് നേതൃത്വം ചിന്തിക്കണം എന്ന് വിമർശന സ്വരവുമായി ലീഗും രംഗത്ത് വന്നത് ശ്രദ്ധേയമായി. മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചു. എം.പി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ വലിയൊരു വിലപേശൽ നടത്താനും ലീഗ് ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസിന് അടുത്ത തിരഞ്ഞെടുപ്പ് കോൺഗ്രസിന് ലീഗിനെക്കാൾ കുറഞ്ഞ സീറ്റുകൾ ലഭിക്കുകയും ചെയ്താൽ മുഖ്യമന്ത്രി സ്ഥാനം തന്നെ നഷ്ടമായേക്കാം. ഇത്തരം ഒരു സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ മുസ്ലിംലീഗിനാകും എന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനു പിന്നിലെ ചിന്ത.

മറ്റൊരു ശ്രദ്ധേയമായ തിരിച്ചുവരവ് ഉമ്മൻ ചാണ്ടിയുടേതായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് കോൺഗ്രസ് ഹൈക്കമാന്റ് പത്തംഗസമിതി രൂപീകരിച്ചു. ഉമ്മൻ ചാണ്ടിയാകും തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള ഈ സമിതിയുടെ മേൽനോട്ടമാണ് അദ്ദേഹം വഹിക്കുക. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ,കെ.മുരളീധരൻ, താരിഖ് അൻവർ, കെ.സി.വേണുഗോപാൽ എന്നിവർ സമിതിയിൽ ഉണ്ട്.

കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കാനായി സംസ്ഥാന നേതാക്കൾ ഡൽഹിയിൽ നടത്തിയ ചർച്ച തുടക്കത്തിലേ ഉമ്മൻചാണ്ടിയിലേക്ക് ചുരുങ്ങിയിരുന്നു. തകർച്ചയിൽ നിന്ന് മുന്നണീയെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്കേ സാധിക്കൂ എന്ന് ഘടകകക്ഷികളും ആവശ്യപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയെ നേതൃത്വത്തിലേക്ക് മടക്കി കൊണ്ട് വരണം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സമിതി വേണം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്ന ആവശ്യങ്ങളായിരുന്നു ഇത്. ഈ ആവശ്യങ്ങളാണ് ഹൈക്കമാന്റ് അംഗീകരിച്ചത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം മാറി നിന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് ഹൈക്കമാന്റ് തന്നെ തലപ്പത്തേക്ക് മടക്കി കൊണ്ടു വന്നിരിക്കുന്നു എന്നതാണ് ഈ വാർത്തയുടെ പ്രത്യേകത. എ ഗ്രൂപ്പ് ആഗ്രഹിച്ചത് ഹൈക്കമാൻഡ് താലത്തിൽ വച്ചു നൽകി. തദ്ദേശതിരഞ്ഞെടുപ്പ് അതിന് നിമിത്തമായി എന്ന് പറയാം.

ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവും നിരവധി കാർട്ടൂണുകൾക്ക് വിഷയമായി.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കൗമുദിയിൽ പ്രസിദ്ധീകരിച്ച ഇടിവെട്ട് വിജയൻ എന്ന കാർട്ടൂണിന്റെ തുടർച്ചയായാണ് ജനുവരി 18 ന് കേരളകൗമുദിയിൽ പുതിയ കാർട്ടൂൺ വന്നത്. ഇടിക്കൂട്ടിൽ ചെന്നിത്തല, മുല്ലപ്പള്ളി,ഹസ്സൻ തുടങ്ങിയവരെ ഇടിച്ചിട്ട് അജയ്യനായി നിൽക്കുന്ന പിണറായിയെ നേരിടാൻ ഉമ്മൻ ചാണ്ടിയെ ഹൈക്കമാന്റ് ഇറക്കുന്നതായിരുന്നു കാർട്ടൂൺ. ദ ലോർഡ് ഓഫ് ദ റിംഗ്‌സ്: ദ റിട്ടേൺ ഓഫ് ദ കിംഗ് എന്നായിരുന്നു കാർട്ടൂണിന്റെ തലക്കെട്ട്. ഇടിക്കൂട്ടിലെ രാജാവിനെ നേരിടാൻ പഴയ രാജാവ് തിരിച്ചു വരുന്ന പശ്ചാത്തലത്തിൽ വന്ന ഈ കാർട്ടൂൺ ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിത്തന്നു.

തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ നയിക്കാൻ ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് നിയോഗിക്കുമ്പോൾ അതിനൊരു മറുതലം കൂടിയുണ്ട്. പ്രതിപക്ഷ നേതാവായി ഇതുവരെ മുന്നിൽ നിന്ന് നയിച്ച രമേശ് ചെന്നിത്തല രണ്ടാമനായി എന്നതാണ് അത്. ഈ വിഷയവും കാർട്ടൂണുകളിൽ നിറഞ്ഞു. അതിനെക്കുറിച്ച് അടുത്ത ആഴ്‌ചയിൽ എഴുതാം.