ബീജിംഗ്സർക്കാരുമായുളള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി കാണാതായിരുന്ന ചൈനീസ് ശതകോടീശ്വരനും അലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക് മാ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു പ്രാദേശിക ബ്ളോഗിലാണ് ആദ്യമായി മായുടെ തിരിച്ചുവരവ് റിപ്പോർട്ട് ചെയ്‌തത്. തുടർന്ന് സർക്കാർ അനുകൂല മാദ്ധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്‌തു. അദ്ധ്യാപകരുടെ ഓൺലൈൻ കോൺഫറൻസിലാണ് മായുടെ തൽസമയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക അദ്ധ്യാപകരുടെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന യോഗത്തിലായിരുന്നു മായുടെ സന്ദേശം എത്തിയത്. മായുടെ വീഡിയോ ചിത്രീകരിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ല.
ചൈനയിലെ ബിസിനസ് നിയന്ത്രണങ്ങളെ വിമർശിച്ച ജാക്ക് മാ ബാങ്കുകളെ പണയം വയ്‌ക്കുന്നതിനുളള കടകളെന്നും പരിഹസിച്ചിരുന്നു. രാജ്യത്ത് ഇപ്പോഴുളള സമ്പ്രദായങ്ങൾ അടുത്ത തലമുറയ്‌ക്ക് വേണ്ടി പൊളിച്ചെഴുതണമെന്ന് മാ പറഞ്ഞതാണ് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ വല്ലാതെ പ്രകോപിപ്പിച്ചത്. മായുടെ ഉടമസ്ഥതയിലുളള ആന്റ് ഫിനാൻസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനിയുടെ ഓഹരികൾ വിപണിയിൽ ക്രയവിക്രയം ചെയ്യുന്നത് സർക്കാർ തടഞ്ഞു.
മാത്രമല്ല ഓൺലൈൻ ധനകാര്യ സ്ഥാപനമായ ടൈറ്റാൻ ആന്റ് ഗ്രൂപ്പിനും അലിബാബ ഹോൾഡിംഗിനും എതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അന്വേഷണം നടത്തുകയും ചെയ്‌തു ചൈനീസ് സർക്കാർ. ഇരു കമ്പനികളും ജാക്ക് മായുടെ ഉടമസ്ഥതയിലുളളതാണ്. മായുടെ കമ്പനികൾ നേടിയ അതിഭീമമായ വളർച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് രാഷ്‌ട്രീയപരമായും സാമ്പത്തികമായും ഭീഷണിയായി മാറുമെന്ന് ചൈനീസ് സർക്കാർ ഭയക്കുന്നതാണ് അദ്ദേഹത്തിനെതിരെ സർക്കാർ തിരിയാൻ കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം നവംബർ മുതലാണ് ജാക്ക് മായെ കാണാതായതായത്.