kv-thomas-

കൊച്ചി: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് കെ വി തോമസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ശനിയാഴ്‌ച കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണുമെന്ന് കെ വി തോമസ് അറിയിച്ചു. അന്ന് തനിക്ക് പറയാനുളളതെല്ലാം തുറന്നു പറയുമെന്നും കെ വി തോമസ് വ്യക്തമാക്കി.

ഇടതുപക്ഷത്തേക്കാണോ എന്ന ചോദ്യത്തിന് വരട്ടെ പറയാം എന്നായിരുന്നു തോമസിന്റെ മറുപടി. ശനിയാഴ്ച കൊച്ചിയിലെ ബി ടി എച്ചിൽ വച്ചാണ് കെ വി തോമസ് മാദ്ധ്യമപ്രവർത്തകരെ കാണുക. നേരത്തെ 28ന് അദ്ദേഹം മാദ്ധ്യമങ്ങളെ കാണുമെന്നാണ് പറഞ്ഞിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് തഴഞ്ഞതോടെയാണ് കെ വി തോമസ് കോൺഗ്രസ് നേതൃത്വവുമായി അകന്നത്. ഇതേത്തുടർന്ന് ഇടഞ്ഞുനിന്ന കെ വി തോമസിന് അരൂർ ഉപതിരഞ്ഞെടുപ്പിൽ ചുമതല നൽകിയിരുന്നു. ഇതിന് ശേഷം കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ആ പദവി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിച്ചേക്കില്ല എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഇതിനിടെ കെ വി തോമസ് ഇടതു നേതാക്കളുമായി ചർച്ച നടത്തിയതായും വാർത്തകൾ പുറത്തു വന്നു. ഇതേത്തുടർന്ന് കോണ്‍ഗ്രസിൽ ഒരു പദവിയും തത്ക്കാലം കെ വി തോമസിന് നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാനായി കെ വി തോമസിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തീരുമാനം സോണിയഗാന്ധി മരവിപ്പിച്ചത്.

അതേസമയം, കെ വി തോമസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സി പി എമ്മും രംഗത്തെത്തി. കെ വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു. കോൺഗ്രസ് വിട്ട് വന്നാൽ നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെ വി തോമസുമായി സി പി എം ചർച്ച നടത്തിയിട്ടില്ല. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എൻ മോഹനൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.