തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹമുള്ള ഒരാളല്ല ഞാൻ. ചില ക്ഷണമൊക്കെ വന്നെങ്കിലും ഞാൻ ഓടിക്കളഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാനോ രാഷ്ട്രീയത്തിന്റെ ഉഷ്ണക്കാറ്റും ശീതക്കാറ്റുമേറ്റ് ജീവിക്കാനോ എനിക്ക് കരുത്തില്ല. സിവിൽ സർവീസിന്റെ സുരക്ഷിതലോകം ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങുകയും തിരഞ്ഞെടുപ്പുകളിൽ ജയിക്കുകയും തോൽക്കുകയുമൊക്കെ ചെയ്തവരുണ്ട്. സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം അങ്കം കുറിക്കാനിറങ്ങിയവരുമുണ്ട്. അൽഫോൺസ് കണ്ണന്താനവും ക്രിസ്റ്റീ ഫെർണാണ്ടസുമൊക്കെ ഓർമ്മയിൽ വരുന്നു. കേരളത്തിൽ എസ് . കൃഷ്ണകുമാറാണ് ആദ്യം രാഷ്ട്രീയ വഴി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥനെന്ന് തോന്നുന്നു. കേരളത്തിൽ മാത്രമേയുള്ളൂ സിവിൽ സർവീസുകാർക്കു രാഷ്ട്രീയ ഗോദയിലിറങ്ങാൻ അധൈര്യം. പല സംസ്ഥാനങ്ങളിലും ഇപ്പോൾ ഇതൊരു സാധാരണ വാർത്തയായിരിക്കുന്നു. യശ്വന്ത് സിൻഹയും അജിത് ജോഗിയുമൊക്കയുണ്ട് ഈക്കൂട്ടത്തിൽ. കേജ്‌രിവാൾ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായിരുന്നല്ലോ.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഭിരുചിയോ ആഗ്രഹമോ യഥാർത്ഥ ജീവിതത്തിൽ ഇല്ലെങ്കിലും, ഒരു ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടതായി ഞാൻ സങ്കല്പിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആരവമൊന്നു കുറഞ്ഞു. ഇനി പ്രവർത്തനത്തിലേക്ക് കടക്കുന്ന ഘട്ടമാണ്. എന്തൊക്കെയാണ് ഞാനെന്ന വാർഡ് മെമ്പർ അവശ്യം ചെയ്യേണ്ടത് ? പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ (എതിരാളി എന്ന പദം തന്നെ ഉപേക്ഷിച്ചു കളയാം) വീട്ടിൽ ചെന്ന് ആദ്യം സൗഹൃദം സ്ഥാപിക്കും. മത്സരം കഴിഞ്ഞ സാഹചര്യത്തിൽ ഇനി അദ്ദേഹവുമായി കലഹമോ പിണക്കമോയില്ല. മാത്രമല്ല, അദ്ദേഹത്തിന് വോട്ടുചെയ്ത ജനങ്ങളുടെ കൂടി പ്രതിനിധിയാണ് ഞാനെന്ന വിശാസം മനസിൽ ഉറപ്പിക്കും. പരാജയപ്പെട്ട സ്ഥാനാർത്ഥിയുടെ പിന്തുണയും സൗഹാർദ്ദവും പ്രവർത്തനങ്ങളിൽ ഞാൻ ഉറപ്പു വരുത്തും. ആ വാർഡിലെ എല്ലാവരുടെയും പ്രതിനിധിയാണ് ഞാനെന്ന ആശയം യാഥാർത്ഥ്യമാക്കും. 'എന്റെ പാർട്ടിക്കാർ മറ്റ് പാർട്ടിക്കാർ' എന്ന വിഭജനം മനസിൽ നിന്ന് പൂർണമായും മായ്ച്ച് കളയും. ആദ്യം അത് ആരും വിശ്വസിക്കുകയില്ല. എന്റെ അനുയായികൾ അത്തരം വിശാല ചിന്താഗതിയൊന്നും പ്രോത്സാഹിപ്പിക്കില്ല. എങ്കിലും ഞാൻ ആ ഭേദചിന്തയിൽ നിന്ന് സ്വയം മോചനം നേടും. പ്രവൃത്തികളിലൂടെ ആ ബോദ്ധ്യം സ്വയം പ്രകാശിക്കും.
സർക്കാർ വഴി നടപ്പിലാക്കുന്ന പരിപാടികളെക്കുറിച്ച്, ഞാൻ പഠിക്കും. ആസ്ഥാന പണ്ഡിതന്മാർ മനസിലാക്കി വച്ചിട്ടുള്ള ആശയങ്ങളുടെ ചതുപ്പിൽ വീണു പോവില്ല. വാർഡിലെ ജനങ്ങളെ ഓരോ സർക്കാർ പരിപാടിയെക്കുറിച്ചും കഴിവിനൊത്ത വിധം ബോധവത്കരിക്കും. പൊതുതാത്‌പര്യത്തിന്റെ മുഖംമൂടിയണിഞ്ഞ് വരുന്ന സ്ഥിരം കരാറുകാരുടെ സൗകര്യത്തിനു വേണ്ടി തട്ടിക്കൂട്ടിയ മരാമത്ത് പ്രവൃത്തികളിൽ ഞാൻ വ്യാമുഗ്ദ്ധനാവുകയില്ല. സാധാരണജനങ്ങൾക്കു പ്രയോജനമുണ്ടോ, അത് അവരുടെ ആവശ്യമാണോ എന്ന ചോദ്യങ്ങൾ മാത്രമേ എന്റെ പരിഗണനയിൽ വരികയുള്ളൂ. കരാറുകാരന്റെ പിണിയാളാകാനല്ല എനിക്ക് ജനങ്ങൾ വോട്ട് ചെയ്തതെന്ന ബോധ്യം ഒരിക്കലും കൈവിടുകയില്ല.
ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്ന വീട്ടുകാരുടെ ഒരു പട്ടിക ഞാൻ സൂക്ഷിക്കും. അവരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കും. അവർക്കു അരക്ഷിതത്വ ബോധം ഒരിക്കലും ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിക്കും. അവരുടെ പട്ടിണിയും പരാധീനതകളും പരിഹരിക്കാൻ എനിക്ക് കഴിയണം. പട്ടികജാതി പട്ടിക വർഗക്കാർക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും അവകാശപ്പെട്ട എല്ലാ സർക്കാർ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നു എന്നും ഓഫീസുകളിലെ നടിപടിക്രമങ്ങളിൽ അപേക്ഷകൾ മുങ്ങിപ്പോകുന്നില്ലെന്നും ഞാൻ ഉറപ്പു വരുത്തും.
എല്ലാ രണ്ടാഴ്ചകൂടുമ്പോഴും ഈ വീടുകളുമായി സമ്പർക്കം പുലർത്തും. ഉന്നതവിദ്യാഭ്യാസത്തിനോ തുടർവിദ്യാഭ്യാസത്തിനോ പണമില്ലാതെ വിഷമിക്കുന്ന കുട്ടികൾക്ക് മുന്നോട്ടു പോകാൻ വഴി ഒരുക്കും. ഗ്രാമത്തിൽത്തന്നെയുള്ള സമ്പന്നരുടെ നന്മയെ അതിനായി ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം. വാർഡിലെ ജലാശയങ്ങളുടെ കാവലാളാകാൻ ഓരോ വ്യക്തിയെയും ഞാൻ പ്രോത്സാഹിപ്പിക്കും. ഒരു ജലാശയം പോലും അവഗണിക്കപ്പെടുകയോ സ്ഥാപിത താത്പര്യക്കാർ മണ്ണിട്ട് വികസിപ്പിക്കുകയോ (നശിപ്പിക്കുകയോ)
ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തും. ഓരോ വീട്ടിലും ഒരംഗമെങ്കിലും എന്റെ ഹരിതമിത്ര സമിതിയിലെ (സംഘം, സേന തുടങ്ങിയ പദങ്ങൾ
ഒഴിവാക്കുകയാണ്) പ്രവർത്തകരായിരിക്കും.. (ഇത് സാധ്യമാണെന്ന്
കാട്ടാക്കട എം.എൽ.എ ശ്രീ .ഐ. ബി. സതീഷിന്റെ നേതൃത്വത്തിലെ
'ജലസമൃദ്ധി' പദ്ധതിയുടെ വലിയ വിജയത്തിലൂടെ നമുക്കെല്ലാം
ബോധ്യമുണ്ടല്ലോ). ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലല്ലാതെ വാർഡിലെ ഒരു മരം മുറിക്കുകയോ ഒരു കിണറോ ഒരു തോടോ ഒരു കുളമോ വികലമാക്കപ്പെടുകയോ ഇല്ല. ആളനക്കമില്ലാത്ത ഇടത്തൊക്കെ മാലിന്യം വലിച്ചെറിയുന്ന ദുശ്ശീലത്തെ ഞാൻ എതിർക്കും. അതിനും ഗ്രാമത്തിലെ ചെറുപ്പക്കാരെ കൂടെ നിറുത്തും. മാലിന്യമുക്തമായ വാർഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഓരോ കുടുംബത്തെയും സജ്ജമാക്കും.
എന്റെ വാർഡിൽ നടക്കുന്ന സകല നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ചും എല്ലാ വിവരങ്ങളും പൊതുജനങ്ങളുമായി പങ്കിടും. പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ ആ പദ്ധതിയുടെ എല്ലാ വിവരങ്ങളും ലഭ്യമാക്കും. അടങ്കൽ തുക, പണി എന്ന് തുടങ്ങും, എന്ന് പൂർത്തിയാവും, മറ്റു സാങ്കേതിക വിവരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നാട്ടുകാർക്ക് അറിയാൻ അവകാശമുണ്ട്. അവ പ്രദർശിപ്പിക്കും. സുതാര്യമായും സത്യസന്ധമായും പ്രവൃത്തികൾ നടക്കുന്നു എന്ന് ഉറപ്പുവരുത്താനായി ജനങ്ങളുടെ ജാഗ്രതാ
സമിതികൾ രൂപീകരിക്കും.
പട്ടിണി രഹിതവും ചൂഷണ മുക്തവും, പരിസ്ഥിതി സൗഹൃദവും, മാലിന്യമുക്തവുമായിരിക്കും എന്റെ വാർഡ്. അഞ്ചു വർഷം പൂർത്തിയാകുമ്പോൾ എന്റെ വാർഡിൽ ധാരാളം ജലം, കൂടുതൽ മരങ്ങൾ, വളരെ കുറച്ചു മാത്രം രോഗികൾ, ഇവയെല്ലാമായിരിക്കും ആസ്തി. അങ്ങനെ പോകുന്നു പുതിയ മെമ്പറുടെ ഭാവനാസഞ്ചാരങ്ങൾ എന്തുകൊണ്ടാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന് ഇപ്പോൾ മനസിലായില്ലേ !