tovino

മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോയും ഇനിയയും ഇന്ന് 33-ാം പിറന്നാൾ ആഘോഷിക്കുകയാണ്. വളരെ ചെറിയ കാലം കൊണ്ടു ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുനിർത്താൻ ഇരുവർക്കും കഴിഞ്ഞു. തിയേറ്റർ തുറന്നതോടെ താരങ്ങളുടെ പുതിയ ചിത്രങ്ങൾ റിലീസിനെത്തുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പിറന്നാൾ ദിനത്തിൽ പുതിയ സിനിമാവിശേഷങ്ങളും മറ്റും താരങ്ങൾ പങ്കുവയ്ക്കുമെന്ന ആകംക്ഷയിലാണ് ആരാധകർ.

eniya

കൊവിഡ് വാക്സിൻ എത്തിയെങ്കിലും ജാഗ്രത കൈവിടാതെ ചെലവുചുരുക്കിയുള്ള ആഘോഷങ്ങൾ മാത്രമേ ഉണ്ടാകൂ. ടൊവിനോ മലയാളത്തിൽ ശ്രദ്ധ നേടിയപ്പോൾ, ഇനിയ മലയാളത്തിൽ മാത്രമായി ഒതുങ്ങി നിന്നില്ല, മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കൂടി ചുവടുറപ്പിച്ചു. അഭിനേതാവും മോഡലുമായ ടൊവിനോ അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം 'ഗ്രിസ'യിലൂടെയാണ് ആദ്യം അഭിനയരംഗത്തേക്ക് എത്തുന്നത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തേക്കും എത്തി. ആർ.എസ്. വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തിയത്. ഗപ്പി എന്ന ചിത്രത്തിൽ തേജസ് വർക്കി എന്ന കഥാപാത്രം താരത്തിന് നായകപരിവേഷം നൽകിയെങ്കിലും ആ സ്ഥാനത്ത് ടൊവിനോയെ ഉറപ്പിച്ച് നിർത്തിയത് മായാനദി എന്ന ചിത്രമായിരുന്നു. പിന്നീട് താരത്തിന് ഒരുപിടി മികച്ച ചിത്രങ്ങൾ തന്നെ തേടിയെത്തി. ആമി, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദ ഓസ്കാർ ഗോസ് ടു, ലൂക്ക, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങയ ചിത്രങ്ങൾ ശ്രദ്ധേയമായി. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'മിന്നൽ മുരളി'. നിരവധി മലയാള പരമ്പരകളിലും ഹ്രസ്വ ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമർമ്മരങ്ങൾ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് തമിഴും മലയാളവുമായി ഒരുപിടി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ഇനിയ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.