കോട്ടയം: പൊലീസ് സ്റ്റേഷനുകളിലെ മർദ്ദനവീരൻമാർ ജാഗ്രതൈ. പൊലീസ് സ്റ്റേഷനുകളിലെ സിസി ടിവി ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംസ്ഥാന ജില്ലാ തല ഔട്ട്സൈഡ് സമിതികൾ രൂപീകരിച്ചു.ആഭ്യന്തര, ധനകാര്യ സെക്രട്ടറിമാർ, ഡി.ജി.പി, വനിതാ കമ്മിഷൻ ചെയർപേഴ്സൺ എന്നിവരാണ് സംസ്ഥാനതല ഔട്ട്‌സൈഡ് കമ്മിറ്റിഅംഗങ്ങൾ, ജില്ലാതലസമിതിയിൽ കളക്ടർ, എസ്. പി, മേയർ/ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആർ.ഡി.ഒ എന്നിവരും അംഗങ്ങളാണ്. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.ബി.ഐ, എൻ.ഐ.എ, ഇ. ഡി.തുടങ്ങിയ അന്വേഷണ ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം.
ഉത്തരവിൻപ്രകാരം ഏതൊക്കെ പൊലീസ് സ്റ്റേഷനിൽ എവിടെയൊക്കെ , എത്രയൊക്കെ ക്യാമറകൾ സ്ഥാപിച്ചു എന്നറിയിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് സമിതി രൂപീകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവായത്.
സ്റ്റേഷന്റെ മുക്കും മൂലയും ക്യാമറ പരിധിയിൽ
സി.സി ടി.വിയുടെ പരിധിയിൽ വരാത്ത ഒരു ഭാഗവും പൊലീസ് സ്റ്റേഷനിൽ ഉണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്കുള്ള വഴികളിലും ക്യാമറ സ്ഥാപിക്കണം. റിസപ്ഷൻ, ലോക്കപ്പ്, വരാന്ത, ഇൻസ്പെക്ടറുടെ മുറി, ശൗചാലയങ്ങളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളെല്ലാം ക്യാമറ കണ്ണിലായിരിക്കും.
രാത്രി ദൃശ്യം പകർത്തുന്നതും ശബ്ദം റെക്കോഡ് ചെയ്യാൻ കഴിയുന്നതുമായ ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന ഓഫീസുകളിൽ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ, ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിൽ അവ എത്രയും വേഗം ഉറപ്പാക്കണം. ദൃശ്യങ്ങൾ 18 മാസം സൂക്ഷിക്കണം.
നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ, ഡിപ്പാർട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ. ഒ) ഓഫീസുകളിലും ക്യാമറ സ്ഥാപിക്കേണ്ടതുണ്ട്.