tigers

ന്യൂഡൽഹി: കാട്ടിൽ തങ്ങളുടെ അധീനതയിൽ വരുന്ന സ്ഥലങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും തയ്യാറാകുന്നവയാണ് മിക്ക വലിയ വന്യമൃഗങ്ങളും. തന്റെ വംശം നിലനിർത്താൻ പ്രകൃതി തന്നെ അവർക്ക് നൽകിയിരിക്കുന്ന ഒരു കഴിവാണ് ഇത്. എല്ലാ മൃഗങ്ങൾക്കും ഇങ്ങനെ ഒരതിർത്തിയുണ്ടാകും. ഇന്ത്യയിലെ കാട്ടിലെ വമ്പന്മാരായ കടുവകളും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. നിശ്ചിത പ്രദേശങ്ങൾ സ്വന്തം അധീനതയിലാക്കാൻ ഇവയിൽ ആൺ കടുവകൾ അതിശക്തമായിത്തന്നെ പൊരുതും. രണ്ടിലൊരാൾ പരുക്കേൽക്കുന്നതുവരെയോ കൊല്ലപ്പെടുന്നതുവരെയോ ആകാം ഇത്തരം പോരാട്ടങ്ങൾ നീളുക.

ഇത്തരത്തിലൊരു പോരാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഹോളിവുഡ് ചിത്രമായ 'ക്ളാഷ് ഓഫ് ടൈ‌റ്റൻസ്' എന്ന പേരിലാണ് കടുവകൾ തമ്മിലെ പോരാട്ട വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കശ്‌വാൻ ആണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തത്. സമാന്തരമായി കാട്ടിലൂടെ നടന്നുവരുന്ന രണ്ട് കടുവകൾ വൈകാതെ അതിഗംഭീര പോരാട്ടം തന്നെയാരംഭിക്കുന്നു.

Clash of the titans. Only from India. Best thing you will watch. Received via whatsapp. pic.twitter.com/36qqvhkG5F

— Parveen Kaswan, IFS (@ParveenKaswan) January 19, 2021

സ്ഥലം എവിടെയെന്ന് വ്യക്തമല്ലെങ്കിലും ഇന്ത്യയിൽ തന്നെയാണെന്ന് വ്യക്തമാണ്. വാഹനത്തിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചത്. പൊടിപറത്തുന്ന വീറു‌റ്റ പോരാട്ടവും തുടർന്ന് കടുവകളിലൊന്ന് പരാജയം സമ്മതിച്ച് അകലേക്ക് നടന്നുപോകുന്നതുമാണ് വീഡിയോയിലുള‌ളത്. കടുവകൾ തമ്മിലെ പോരാട്ടം ഒന്നേകാൽ മിനിട്ടോളം നീണ്ടുനിൽക്കുന്നുണ്ട്. 2019ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ആകെ 2967 കടുവകളാണുള‌ളത്. ലോകത്തെ ആകെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണ്.