k-sudhakaran

തിരുവനന്തപുരം: ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായതിന് പിന്നാലെ കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനാകുമെന്ന് ഉറപ്പായി. മുല്ലപ്പളളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നൽകാൻ ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡൽഹിയിൽ വച്ചു തന്നെ സ്ഥാനമൊഴിയാനുളള സന്നദ്ധത മുല്ലപ്പളളി ഹൈക്കമാൻഡിനെ അറിയിച്ചു.

ഈ മാസം കഴിയുന്നതിന് മുന്നോടിയായി സുധാകരനെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കും. അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാൻ താത്പര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സുധാകരൻ പ്രതികരിച്ചു. സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരമൊന്നും ഇതുവരെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പി സി സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരൻ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടാൽ പ്രതിപക്ഷ നേതൃസ്ഥാനവും പാർട്ടി അദ്ധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഉളളതിനാൽ ഇക്കാര്യത്തിൽ തത്ക്കാലത്തേക്ക് പ്രതിഷേധം ഉന്നയിക്കണ്ടയെന്നാണ് എ ഗ്രൂപ്പ് നിലപാട്.

സുധാകരനെ കെ പി സി സി അദ്ധ്യക്ഷൻ ആക്കുന്നതിനൊപ്പം യു ഡി എഫ് കൺവീനറായ എം എം ഹസനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാൾ മാത്രമേ ആ പദവിയിൽ ഹസൻ ഉണ്ടായിരുന്നുളളൂ എന്നതിനാൽ ഒരുപക്ഷേ അദ്ദേഹത്തെ തുടരാൻ അനുവദിച്ചേക്കും. അല്ലെങ്കിൽ കൺവീനർ പദവിയിലും മാറ്റം വന്നേക്കും.