കാസർകോട്: യുവതികൾ അടങ്ങുന്ന മംഗളൂരു ഹണി ട്രാപ്പ് സംഘം കാസർകോട്ടും കെണികൾ ഒരുക്കുന്നു. കാസർകോട് സ്വദേശിനികൾ അടക്കം സംഘത്തിന്റെ കെണിയിൽപെട്ടത് ഏഴ് പേർ. മലയാളിയായ ബസ് ജീവനക്കാരനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് സൂറത്കൽ കൃഷണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ എന്ന നീമ (32), ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന സീനത്ത് മുബീൻ (28), ഡ്രൈവർമാരായ കൃഷ്ണപുരയിലെ ഇക്ബാൽ മുഹമ്മദ് (35), അബ്ദുൽ ഖാദർ നജീബ് (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വ്യാപകമായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് സൂചന കിട്ടിയത്.
രേഷ്മയും സീനത്തും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. രണ്ട് മാസത്തോളം ഫേസ്ബുക്കിൽ ചാറ്റ് ചെയ്ത ശേഷം യുവതികളിലൊരാൾ ബസ് ജീവനക്കാരനെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. 14 ന് മംഗളൂരുവിലെത്തിയ ബസ് ജീവനക്കാരൻ യുവതികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സൂറത്കലിലെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അവിടെയെത്തിയ ബസ് ജീവനക്കാരനെ ഇക്ബാലും നജീബും ചേർന്ന് മർദ്ദിച്ച് വിവസ്ത്രനാക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് ഇവർ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ എത്തിയ രേഷ്മയും സീനത്തും പണം നൽകിയില്ലെങ്കിൽ നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്നും മാനഭംഗ കേസിൽ പ്രതിയാക്കുമെന്നും ബസ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ഇതോടെ ബസ് ജീവനക്കാരൻ 30,000 രൂപ സംഘത്തിന് നൽകുകയും ബാക്കി തുക ഉടൻ നൽകാമെന്ന് അറിയിക്കുകയും ചെയ്തതോടെ ഇയാളെ വിട്ടയച്ചു.
പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് ഫോണിലൂടെയുള്ള ഭീഷണി തുടരുകയായിരുന്നു. തങ്ങൾ കാന കട്ലയിലെ അപ്പാർട്ട്‌മെന്റിൽ ഉണ്ടെന്നും പണവുമായി അങ്ങോട്ടു വരണമെന്നുമായിരുന്നു നിർദ്ദേശം. ബസ് ജീവനക്കാരൻ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് അപ്പാർട്ടുമെന്റിലെത്തി സംഘത്തെ പിടികൂടുകയും മൊബൈൽ ഫോണുകൾ, ക്രെഡിറ്റ് കാർഡ്, വാഹനം തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. ബസ് ജീവക്കാരനടക്കം ഏഴുമലയാളികളുടെ നഗ്ന വീഡിയോകൾ ഹണിട്രാപ്പ് സംഘം ചിത്രീകരിച്ച് പണം തട്ടിയിട്ടുണ്ടെന്നും ബ്ലാക്ക് മെയിലിന് ഇരകളായവരിൽ കാസർകോട് സ്വദേശികളുമുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. മാനഹാനി ഭയന്നാണ് ഇവർ പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാസർകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹണിട്രാപ്പ് സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.