robotic

അമേരിക്കയും ബ്രിട്ടണും പോലെയുള‌ള വികസിത രാജ്യങ്ങളിൽ മാത്രം പ്രചാരത്തിലുള്ള റോബോട്ടിക് ശസ്ത്രക്രിയയ്ക്ക് ഇപ്പോഴിതാ ഇന്ത്യയിലും അവസരമുണ്ടാകുകയാണ്. വിജയകരമാണെന്ന് വർഷങ്ങൾക്കുമുൻപേ തെളിഞ്ഞിട്ടും ചെലവിന്റെ വർദ്ധന കാരണം വികസിത രാജ്യങ്ങളിൽ പോലും റൊബോട്ടിക് ശസ്ത്രക്രിയയ്ക്ക് സാർവത്രികമായിരുന്നില്ല. റോബോട്ടിക് ശസ്ത്രക്രിയ ഉപകരണങ്ങൾ ഉണ്ടാക്കിയും വിദഗ്ദ്ധരെ ഒരുക്കിയും ഇന്ത്യയിലും ഇത് പ്രചരിപ്പിക്കുകയാണ് റൊബോട്ടിക് ശസ്ത്രക്രിയ വിദഗ്ദ്ധനായ ഡോ.സുധീർ.പി ശ്രീവാസ്തവ ചെയ്യുന്നത്. അദ്ദേഹം തയ്യാറാക്കിയ രീതിയായ എസ്.എസ്.ഐ മന്ത്ര (മൾട്ടി ആം നോവൽ ടെലി റോബോട്ടിക് അസിസ്റ്റൻസ് ) ജനുവരി 19ന് നടന്ന തൽസമയ പ്രദർശനത്തിലാണ് ഡോ.സുധീർ ഇത് ആദ്യമായി രാജ്യത്ത് പ്രദർശിപ്പിച്ചത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഉൾപ്പെടെയുള്ളവർ ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തു. ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്രിറ്ര്യൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ എസ്. എസ്. ഐ മന്ത്ര രീതിയിലുള്ള 18 വലിയ ശസ്ത്രക്രിയകൾ നടത്തിയിരുന്നു. പരീക്ഷണം വിജയകരവുമായിരുന്നു.

എന്താണ് റോബോട്ടിക് ശസ്ത്രക്രിയ

റൊബോട്ടിക് കൈയും മറ്ര് യന്ത്ര ഉപകരണങ്ങളും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കുകയാണ് റോബോട്ടിക് ശസ്ത്രക്രിയാ രീതി. ‌ഡോക്ടർക്ക് ഇതിനെ നിയന്ത്രിക്കാം. ത്രീഡി ക്യാമറയിലൂടെ ശരീരത്തിൽ നടക്കുന്ന പ്രക്രിയകൾ വ്യക്തമായി ശസ്‌ത്രക്രിയ നടത്തുന്നവർക്ക് കാണാം. ഹൃദയ ശസ്ത്രക്രിയ ,യൂറോളജി, ഗൈനക്കോളജി, ജനറൽ സർജറി തുടങ്ങി മിക്ക ശസ്ത്രക്രിയകളും റോബോട്ടിക് രീതിയിൽ നടത്താം.

robotic-surgery

റോബോട്ടിക് ശസ്ത്രക്രിയയുടെ നേട്ടം

ഇത്തരം ശസ്‌ത്രക്രിയകൾക്ക് പല നേട്ടങ്ങളുണ്ട്. ഒന്ന് ചെറിയ മുറിവ് മാത്രമേ ഇത്തരം ശസ്ത്രക്രിയയിലൂടെ ഉണ്ടാകുന്നുള‌ളൂ.

കൃത്യതയും സൂക്ഷ്‌മതയും കൂടുതലായിരിക്കും, സങ്കീർണത കുറവായിരിക്കും, രോഗിക്ക് പെട്ടെന്നുതന്നെ ഭേദമാകും.

ശസ്ത്ക്രിയ നടന്നിടത്ത് നേരിയ പാടുകൾ മാത്രമേയുണ്ടാകൂ. വേദന ഉണ്ടാവില്ല.

2002ലാണ് കാർഡിയാക് സർജനായ .ഡോ.സുധീർ.പി ശ്രീവാസ്തവ അമേരിക്കയിൽ റൊബോട്ടിക് ശസ്ത്രക്രിയ ചെയ്തു തുടങ്ങുന്നത്. ചിക്കാേഗോ യൂണിവേഴ്സിറ്രിയിലെ കാർഡിയോ റോബോട്ടിക് ഡയറക്ടറും അസി. പ്രൊഫസറുമായിരുന്നു അദ്ദേഹം. 1400 റൊബോട്ടിക് ശസ്ത്രക്രിയകൾ നടത്തി. റൊബോട്ടിക് ശസ്ത്രക്രിയ രംഗത്ത് 350 ടീമുകളെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്. 2016ലാണ് ഇന്ത്യയിൽ എസ്.എസ് ഇന്നവേഷൻസ് തുടങ്ങിയത്. ആന്ധ്രയിൽ വിശാഖപട്ടണത്തെ മെഡിക്കൽ ടെക്നോളജി സോണിലാണ് കമ്പനിയുടെ ആസ്ഥാനം.ചെലവ് കുറഞ്ഞ ശസ്ത്രക്രിയ ഉറപ്പാക്കാനായി , സാങ്കേതിക വിദ്യ വികസിപ്പിക്കുക, ശസ്‌ത്രക്രിയാ രീതി കൂടുതൽ രോഗികളിലേക്കെത്തിക്കുന്നതിനും ഡോക്‌ടർ ലക്ഷ്യം വയ്‌ക്കുന്നു.