kumaranasan

എഴുത്തച്ഛനുശേഷം മലയാളഭാഷയെയും കാവ്യഭാവനയെയും കുമാരനാശാനോളം നവീകരിച്ച മറ്റൊരു കവിയില്ല. മരണാനന്തരം ഒരു നൂറ്റാണ്ടോളം പിന്നിടുന്ന ആ കാവ്യപ്രപഞ്ചം ഇതിഹാസകൃതികളെപ്പോലെ ഇന്നും മലയാള ഭാവനയെ നവീകരിച്ചുകൊണ്ടിരിക്കുന്നു. പല്ലനയാറ്റിന്റെ ആഴത്തിൽ ആശാൻ അസ്തമിച്ചിട്ട് 97 വർഷം പിന്നിടുന്നു.

'എന്തിന്നലിഞ്ഞു ഗുണധോരണി വച്ചുനിന്മേ-

ലെന്തിന്നതാശു വിധിയേവമപാകരിച്ചു?

ചിന്തിപ്പതാരരിയസൃഷ്ടിരഹസ്യ? മാവ-

തെന്തുള്ളൂ!- ഹാ! ഗുണികളൂഴിയിൽ നീണ്ടുവാഴാ - എന്ന വീണപൂവിലെ വരികൾ തെളിഞ്ഞുവരുന്നു. ശ്രീനാരായണഗുരുവിന് വിഷൂചിക പിടിപെട്ട് കിടപ്പിലായ അവസ്ഥയിലാണ് ഹാ! പുഷ്പമേ...എന്നു തുടങ്ങുന്ന വീണപൂവിലെ ആദ്യ വരികൾ ഉണ്ടായതെന്നാണ് കരുതിപ്പോരുന്നത്. ഗുരുവിനോടുള്ള ആശാന്റെ ആത്മീയബന്ധവും ആദരവും കടപ്പാടും അത്രയേറെ ആഴമേറിയതായിരുന്നു.

കുട്ടിക്കാലത്ത് പലവിധ അസുഖങ്ങൾ വരുമായിരുന്ന കുമാരുവിന് പതിനെട്ടാമത്തെ വയസിൽ അസുഖം ബാധിച്ച് കിടപ്പിലായപ്പോഴാണ് ശ്രീനാരായണഗുരുവിനെ കാണാൻ ഭാഗ്യമുണ്ടായത്. കീർത്തനങ്ങൾ എഴുതി മനോഹരമായി ആലപിക്കുമായിരുന്ന അച്ഛൻ നാരായണൻ പെരുങ്ങാടി അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ഗുരുവിനെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. അക്കാലത്ത് സ്തോത്രകവിതകൾ എഴുതുമായിരുന്ന കുമാരുവിനെ കവിതയുടെ മഹാപ്രപഞ്ചത്തിലേക്ക് കൈപിടിച്ചുനടത്തിയതും കാവ്യഭാവനയുടെ പുതിയ സൂര്യോദയം കാട്ടിക്കൊടുത്തതും ഗുരുദേവനാണ്. ശൃംഗാരകവിതയിൽനിന്ന് ദാർശനികകവിതയിലേക്കുള്ള വഴിതുറന്നതും ആ കൂടിക്കാഴ്ചയാണെന്ന് സാഹിത്യ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗുരുവിന്റെ സ്വാധീനം ആശാനെ വേദാന്തിയുമാക്കി. ഡോ.പല്പുവിന്റെ പരിശ്രമത്താൽ ലഭിച്ച കൽക്കത്തയിലെ ജീവിതവും പഠനവുമാണ് ഭാഷാതീതമായ കാവ്യബോധം ഉണർത്താൻ ഇടയാക്കിയത്.

സ്വാതന്ത്ര്യംതന്നെയമൃതം

സ്വാതന്ത്ര്യംതന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്ക്

മൃതിയേക്കാൾ ഭയാനകം- എന്നെഴുതിയ കവി തന്നെയാണ് സ്വാതന്ത്ര്യസമരം അതിന്റെ തീവ്രതയിൽ അലയടിച്ചുനിന്ന ആ കാലത്ത് -

എന്തിന്നു ഭാരതധരേ കരയുന്നു?​

പാരതന്ത്ര്യം നിനക്കു വിധികല്പിതമാണു തായേ,​

ചിന്തിക്ക,​ ജാതിമദിരാന്ധ,​രടിച്ചുതമ്മി-

ലന്തപ്പെടും തനയ,​രെന്തിനയേ സ്വരാജ്യം?​- എന്നും ചോദിച്ചത്. ജാതീയമായ ഉച്ചനീചത്വങ്ങളുടെ മുഖത്തേക്ക് വാരിയെറിഞ്ഞ പരിഹാസമായിരുന്നു ആ വരികൾ. ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പൊൻപേനയുമായി മലയാളകവിതയ്ക്ക് നവോത്ഥാനത്തിന്റെ സൗരദീപ്തി പകർന്ന കുമാരനാശൻ ഈ ലേഖകന്റെ കാവ്യബോധത്തിലും ജീവിത നിരീക്ഷണത്തിലും ചെലുത്തിയ സ്വാധീനം ചെറുതല്ല. കവിതയുടെ ഭ്രാന്തും ജീവിതവിരക്തിയും ഒരുപോലെ പിടികൂടിയിരുന്ന യൗവനത്തിൽ ജീവന് ഔഷധമായിരുന്നു ആശാന്റെ കവിത. പാതിരാവിലും പകൽവെളിച്ചത്തിലും ആശാന്റെ കവിതകൾ ഉച്ചത്തിൽ ചൊല്ലി സ്വയം സമാധാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പൊള്ളുന്ന ഉഷ്ണവും വിറപ്പിക്കുന്ന തണുപ്പും കാറ്റിനൊപ്പം വീശിയടിക്കുന്ന മഴയും ആശാൻ കവിതകൊണ്ട് ശമിപ്പിച്ചിരുന്ന കാലം.

അലിവാർന്നു കിടന്നൊരാടുപോൽ

മുലനല്കുന്നിതു കുട്ടികൾക്കിവൾ

തലചെന്നു പിടിച്ചിഴയ്ക്കിലും

കലരാ ക്രൂരതയെന്നു തോന്നിടും- ഒരു സിംഹപ്രസവം എന്ന കവിതയിൽ ഇത് വായിച്ചപ്പോൾ അനുഭവപ്പെട്ട മാതൃവാത്സല്യത്തിന്റെ ആഴവും വ്യാപ്തിയും മറ്റെങ്ങുനിന്നും എനിക്ക് കിട്ടിയിച്ചില്ല.

സ്നേഹത്തെക്കുറിച്ച് ഇത്രയേറെ ആഴത്തിൽ ആത്മരതിയോടെ എഴുതിയിട്ടുള്ള മറ്റൊരു കവി ലോകസാഹിത്യത്തിൽതന്നെ വിരളമായിരിക്കും. നളിനി എന്ന വിഖ്യാത ഖണ്ഡകാവ്യത്തിന് 'നളിനി (അല്ലെങ്കിൽ)​ ഒരു സ്നേഹം' എന്നാണ് ആശാൻ പേരിട്ടിരുന്നത്. അക്കാലത്ത് അഥവ എന്നുചേർത്ത് ഒരു പേരുകൂടി നല്കുന്ന രീതിയും ഉണ്ടായിരുന്നു. സ്നേഹത്തെക്കുറിച്ച് കൂടുതൽ പറയാനുള്ള ആശാന്റെ ആത്മദാഹമാണ് ഇവിടെ പ്രകടമാകുന്നത്.

'തന്നതില്ല പരനുള്ളുകാട്ടുവാ-

നൊന്നുമേ നരനുപായമീശ്വരൻ

ഇന്നുഭാഷയതപൂർണമിങ്ങഹോ!

വന്നുപോം പിഴയുമർത്ഥശങ്കയാൽ'- എന്ന നളിനിയിലെ വരികൾ ജീവിതത്തിന്റെ പല സന്ദർഭങ്ങളിലും സഹൃദയരുടെ മനസിലേക്ക് ഒരു സമാശ്വാസമോ പ്രത്യൗഷധമോ ആയി ഓടിയെത്താറുണ്ട്.

'എന്റെ ഏകധനമങ്ങു ജീവന-

ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും

എന്റെയീശ! ദൃഢമീ പദാംബുജ-

ത്തിന്റെ സീമ,​ ഇതു പോകിലില്ലഞാൻ'- എന്ന് നളിനി ദിവാകരനോട് പറയുന്നതു വായിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രണയാനുഭവം മറ്റെവിടെനിന്നാണ് കിട്ടുക. ഒരുപക്ഷേ,​ ന്യൂജൻ വായനയിൽ ഇതിന്റെ പൊരുൾ അന്യമാകുന്നുണ്ടാവാം. അപ്പോഴും നളിനിയിലൂടെ പ്രതിഫലിപ്പിക്കുന്ന ആശാന്റെ പ്രണയസങ്കല്പത്തിന് മങ്ങലേല്ക്കുകയില്ല. കാരണം,​ ഇവിടെ പ്രകടമാകുന്ന സ്നേഹത്തിന്റെ പൊരുൾ എന്തെന്ന് സ്ഫുടമാക്കുന്ന വാക്കുകൾ ദിവാകരനിലൂടെ ആശാൻ വെളിപ്പെടുത്തുന്നുണ്ട്. അതിങ്ങനെ-

'പാവനാംഗി പരിശുദ്ധ സൗഹൃദം

നീ വഹിപ്പതതിലോഭനീയമാം,​

ഭാവിയായ്കതു,​ ചിതാശവങ്ങളിൽ

പൂവുപോൽ,​ അശുഭനശ്വരങ്ങളിൽ,​

സ്നേഹമാണഖിലസാരമൂഴിയിൽ

സ്നേഹസാരമിഹ സത്യമേകമാം,​

മോഹനം ഭുവനസംഗമിങ്ങതിൽ

സ്നേഹമൂലമമലേവെടിഞ്ഞുഞാൻ'-

നളിനിക്കു ശേഷം എന്തിന് ലീല എന്ന മറ്റൊരു പ്രണയകാവ്യം കൂടി എഴുതി എന്നതിന് ലീലയുടെ ആമുഖത്തിൽ ആശാൻ വിശദീകരണം നൽകിയിട്ടുണ്ട്. 'നളിനിയിലെ നായികാനായകന്മാർ രാജസം മിക്കവാറും വിട്ട് സാത്വികാവസ്ഥയിൽ എത്തിനില്ക്കുന്ന പുണ്യാത്മാക്കളാണ്. അതിനുമുമ്പുള്ള അവസ്ഥയിലാണല്ലോ ജീവിതത്തിന്റെ കഷ്ടതകളും മാനസ രഹസ്യങ്ങളും അധികം അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് നളിനിയിലെ പാത്രങ്ങളുടെ അടുത്ത താണപടിയിൽ എത്തിയിട്ടുള്ള ജീവിതങ്ങളെപ്പറ്റിയാണ് പിന്നെ എഴുതേണ്ടതായി തോന്നിയത്..'

'പ്രണയപരവശേ,​ശുഭം നിന-

ക്കുണരുക,​ ഉണ്ടൊരുദിക്കിൽ നിൻപ്രിയൻ

ഗുണവതി,​ നെടുമോഹ നിദ്രവി-

ട്ടുണരുക,​ഞാൻ സഖി,​ നിന്റെ മാധവി'- എന്നാണ് ലീലയുടെ തുടക്കം. 'നല്ല ഹൈമവതഭൂവിൽ...' എന്നാണ് നളിനിയിലെ തുടക്കം. ഈ പ്രാരംഭ ശ്ലോകങ്ങളിൽത്തന്നെ രണ്ടു കാവ്യത്തിലും സന്നിവേശിപ്പിച്ചിട്ടുള്ള പ്രണയത്തിന്റെ വ്യതിരക്തത അനാവൃതമാകുന്നത് സഹൃദയർക്ക് ദ‌ർശിക്കാനാവും.

പ്രണയ സാക്ഷാത്ക്കാരത്തിനായി ജീവിതം ഹോമിക്കുന്ന ഈ സതീരത്നങ്ങളെ സൃഷ്ടിച്ച കവി തന്നെയാണ് ശ്രീരാമനെ നിർഭയം ചോദ്യംചെയ്യുന്ന ചിന്താവിഷ്ടയായ സീതയെയും സൃഷ്ടിച്ചത്.

'നെടുനാൾ വിപിനത്തിൽ വാഴുവാ-

നിടയായ് ഞങ്ങളതെന്റെ കുറ്റമോ!

പടുരാക്ഷസചക്രവർത്തിയെ-

ന്നുടൽമോഹിച്ചത് ഞാൻ പിഴച്ചതോ?'- എന്നാണ് ഒരു വേള സീത ആത്മഗതമായി ശ്രീരാമനോട് ചോദിക്കുന്നത്. ഫെമിനിസത്തിന്റെ കാറും കോളും വന്നുതുടങ്ങിയിട്ടില്ലാത്ത പഴയ കാലത്തു നിന്നുകൊണ്ടാണ് കുമാരനാശാൻ വിശുദ്ധകളിൽ വിശുദ്ധയായ സീതാദേവിയെക്കൊണ്ട് ഇങ്ങ

നെ ചോദിപ്പിക്കുന്നത് എന്നു മറക്കാതിരിക്കാം.