trump

വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്തപ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നിൽക്കാതെ ശിഷ്ടകാലം ചിലവഴിക്കാൻ പ്രസിഡന്റ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയതോട‌െ അമേരിക്കൻ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും ഉണ്ടാക്കിയ തൊന്തരവുകൾ ചില്ലറയല്ല. ഒപ്പം ധനനഷ്ടവും.അമേരിക്കൻ പ്രസിഡന്റിന്റെ കൈവശമുളള ആണവായുധങ്ങളുെട രഹസ്യകോഡുകൾ അടങ്ങിയ ആണവപ്പെട്ടിയാണ് സൈന്യത്തിന്റെ ഉറക്കംകെടുത്തിയത്. സാധാരണഗതിയിൽ പ്രസിഡന്റ് എവിടെയെങ്കിലും പോകുന്നുവെങ്കിൽ ഒപ്പം അനുഗമിക്കുന്ന സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാർ. അതീവ പ്രാധാന്യമുളള ഈ പെട്ടിയും തൂക്കിയാണ് അവരുടെ നടപ്പ്.

ബൈഡൻ സ്ഥാനമേൽക്കുന്നതുവരെ പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന് അധികാരമുണ്ട്. വേണമെങ്കിൽ സുപ്രധാന തീരുമാനങ്ങളുമെടുക്കാം. ആ നിലയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് നിൽക്കാതെ ട്രംപ് ഫ്ളോറിഡയിലേക്ക് പോയ ട്രംപിനെ അനുഗമിച്ച സൈനികർ ആണവപ്പെട്ടിയും ഒപ്പംകൊണ്ടുപോയി. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിലായിരുന്നു യാത്ര. മണിക്കൂറുകൾ പറന്നുവേണം പെട്ടിയുമായി അവിടെയെത്താൻ. ബൈഡൻ അധികാരമേറ്റ് പ്രസിഡന്റായ ആ നിമിഷം തന്നെ ആണവപ്പെട്ടികളുമായി സൈനികർ തിരിച്ച് വാഷിംഗടണിലേക്ക് വരികയും വേണം. പ്രസിഡന്റിന് ഒപ്പമല്ലാതെ ആണവപ്പെട്ടികൾ ഇത്തരത്തിൽ പറക്കുന്നത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോർട്ട്.

മുൻ പ്രസിഡന്റുമാരിൽ ഭൂരിപക്ഷവും പുതിയ പ്രസിഡന്റിന് അധികാരം കൈമാറിയശേഷമാണ് ശിഷ്ടകാലജീവിതത്തിനായി തങ്ങൾക്ക് അനുവദിക്കപ്പെട്ട സ്ഥലത്തേക്ക് പോകുന്നത്. ട്രംപ് അധികാരമേൽക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഒബാമയും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ ഇത്തവണ രാഷ്ട്രീയ വിരോധവും നാണക്കേടും കാരണം അധികാര കൈമാറ്റത്തിന് നിൽക്കാതെ ട്രംപ് നേരത്തേ വൈറ്റ് ഹൗസ് വിടുകയായിരുന്നു. അതാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത്.

കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിനുശേഷവും പ്രസിഡന്റ് എന്ന് നിലയിൽ ട്രംപ് ആണവ കോഡുകൾ കൈവശം വച്ചിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.ആണവ ആക്രമണത്തിന് ഉത്തരവിടാനുള്ള ഏക അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. യുഎസ് പ്രസിഡന്റ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിടുകയാണെങ്കിൽ അത് നടപ്പാക്കാൻ പ്രതിരോധ സെക്രട്ടറി ഭരണഘടനാപരമായി നിർബന്ധിതമാണ്. ഈ രഹസ്യ കോഡുകളെല്ലാം ട്രംപിന്റെ കൈവശമുണ്ടായിരുന്നു. രാജ്യദ്രോഹ കലാപത്തിന് പ്രേരണ നൽകിയ വ്യക്തി ഒരുപക്ഷേ ലോകംതന്നെ നശിപ്പിക്കാൻ തീരുമാനമെടുത്തേക്കുമെന്നായിരുന്നു ഇവരുടെ ആശങ്ക.

trump

ആണവപ്പെട്ടി എന്ന ന്യൂക്ലിയർ ഫുട്ബോൾ

അമേരിക്കയിലെ സർവസൈന്യാധിപനായ പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ ആണവായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടിയാണിത്. ആക്രമണ സാഹചര്യമുണ്ടായാൽ അടിയന്തര ഉത്തരവു നൽകുന്നതിനായി പ്രസിഡന്റ് ഇത് എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നു. പ്രസിഡന്റിന്റെ ഒപ്പമുള്ള സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാർ. 20 കിലോ തൂക്കമുള്ള ലോഹ ബ്രീഫ്കേസിന് കറുത്ത തുകൽ ആവരണമുണ്ട്. പിടിയുടെ സമീപത്തായി ചെറിയ ആന്റിനയുണ്ട്. ഇത് ആദ്യം ഉപയോഗിച്ചത് ജോൺ എഫ്. കെന്നഡിയാണ്. ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ആണവായുധങ്ങളുടെ പൂർണ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലാക്കാനാണു കെന്നഡി ഈ സംവിധാനം സ്ഥാപിച്ചത്.സമാനമായ പെട്ടി സോവിയറ്റ് യൂണിയനും ഉപയോഗിച്ചിരുന്നു.

മകളുടെ വിവാഹനിശ്ചയവും നടത്തി

പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനു മുൻപ് ട്രംപ് കുടുംബത്തിലൊരു ശുഭകാര്യം കൂടി നടത്തി. മകൾ ടിഫാനിയുടെ വിവാഹനിശ്ചയമായിരുന്നു അത്. വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിന്റെ തലേദിവസമായിരുന്നു ചടങ്ങ് നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയിൽ കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.ട്രംപിന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി.