ബംഗളൂരു: സ്വത്ത് വീതം വച്ച് നൽകണമെന്നാവശ്യപ്പെട്ട് സ്ഥിരമായി അച്ഛനമ്മമാരെ ഉപദ്രവിച്ചിരുന്ന മകനെ അച്ഛൻ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ മല്ലേശ്വരം സ്വദേശിയായ ബി.വി കേശവ(50) ആണ് മൂത്തമകൻ കൗശൽ പ്രസാദിനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.
ഐ.ടി ജീവനക്കാരനായ കൗശൽ നിരന്തരം സ്വത്ത് ആവശ്യപ്പെട്ട് അച്ഛനമ്മമാരെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ കേശവയുടെ ഇളയ മകന്റെ സഹപാഠിയായ നവീൻ കുമാറിനെ കണ്ട കേശവ മൂത്ത മകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. മൂന്ന് ലക്ഷം രൂപയ്‌ക്കായിരുന്നു കൊലപാതകത്തിന് നവീൻ സമ്മതിച്ചത്. ഇതിൽ ഒരുലക്ഷം രൂപ കേശവ ഇയാൾക്ക് കൈമാറി.
ജനുവരി 10ന് മുൻപരിചയം ഉപയോഗിച്ച് കൗശലിനെ തന്റെ കാറിൽ കൂട്ടിക്കൊണ്ടുപോയ നവീൻ കുമാർ ബംഗളൂരു നഗരത്തിലെ എലേമല തടാകക്കരയിൽ കൊണ്ടുപോയി കൗശലിന് മയക്കുമരുന്ന് ചേർത്ത മദ്യം നൽകി. ബോധരഹിതനായ കൗശലിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അറുത്ത് ചാക്കുകളിലാക്കി തടാകത്തിൽ ഉപേക്ഷിച്ചു.
സംഭവശേഷം ജനുവരി 12ന് കേശവ പൊലീസിൽ മകനെ കാണുന്നില്ലെന്ന് കാട്ടി പരാതി നൽകി. ഫോൺ ഇളയമകനെ ഏൽപ്പിച്ചശേഷമാണ് പോയതെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കൗശൽ പ്രസാദ് കാറിൽ കയറി പോയതായി കണ്ടെത്തി. കാറിന്റെ ഉടമയായ നവീൻ കുമാറിനെ പിടികൂടിയതോടെ ക്വട്ടേഷൻ കഥയുടെ ചുരുളഴിഞ്ഞു.തുടർന്ന് ഇരുവരെയും പൊലീസ് അറസ്‌റ്റുചെയ്‌തു.