dragon-fruit

അഹമ്മദാബാദ്: പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. ഡ്രാഗൺ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും താമര എന്ന അർത്ഥം വരുന്ന കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്നും മുഖ്യമന്ത്രി വിജയ് രൂപാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗൺ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ്‌ കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമരയുടെ സംസ്‌കൃത നാമമാണ് കമലം.

ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷ നൽകിയിട്ടുണ്ട്.

ഗുജറാത്തിലെ കച്ച്, നവ്സാരി എന്നിവിടങ്ങളിലെ കർഷകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്തു വരികയാണ്. സംസ്ഥാന ബി.ജെ.പി ഓഫീസിന് നേരത്തെ തന്നെ 'ശ്രീ കമലം' എന്ന് പേര് നൽകിയിരുന്നു. ഫലത്തിന്റെ പേരുമാറ്റത്തിനായി ഗുജറാത്ത് വനംവകുപ്പ് വഴി ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന് സർക്കാർ ഹർജിയും നൽകിക്കഴിഞ്ഞു. 2020 ജൂലായ് 26 ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡ്രാഗൺ ഫ്രൂട്ടിനെ പരാമർശിച്ചിരുന്നു.