ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബേതുൽ ജില്ലയിൽ സർണിയിൽ അയൽക്കാരൻ പതിമ്മൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി.
സംഭവത്തിൽ സുശീൽ വർമയെ (36) അറസ്റ്റു ചെയ്തു.
സുഹൃത്തിന്റെ മകളെയാണ് സുശീൽ പീഡിപ്പിച്ചത്. അതിനുശേഷം കൃഷിയിടത്തിൽ കല്ല് സ്ലാബിനടിയിൽ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റിയെന്നും ഗുരുതരാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.
സുശീൽ തന്റെ സുഹൃത്തായിരുന്നുവെന്നും വീട്ടിലെ സ്ഥിര സന്ദർശകനായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അങ്കിൾ എന്നാണ് അവൾ അയാളെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ കൃഷിടത്തിലേക്കുള്ള മോട്ടോർ പമ്പ് നിറുത്തുന്നതിനായിപോയ പെൺകുട്ടിയെ സുശീൽ പിടിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തടയാൻശ്രമിച്ച പെൺകുട്ടിയെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തുടർന്ന് കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ കുഴിച്ചിട്ടതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാർ തെരച്ചിൽ നടത്തി. രാത്രിയോടെയാണ് കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയിൽ കാലടികൾ കണ്ടത്. അതു പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ലാബിനടിയിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്.