mundakkayam

കോട്ടയം: മുണ്ടക്കയത്ത് വൃദ്ധരായ മാതാപിതാക്കളോട് കരുണയില്ലാതെ മക്കൾ. ഭക്ഷണമോ മരുന്നോ നൽകാതെ വീട്ടിലെ മുറിയിൽ അടച്ചിട്ട മകൻ ഇവർ കിടന്ന കട്ടിലിൽ പട്ടിയെ കെട്ടിയിടുകയും ചെയ്‌തു. സ്ഥലത്തെ ആശാപ്രവർത്തകർ ദമ്പതികളുടെ ദയനീയസ്ഥിതി അറിയിച്ചതിനെ തുടർന്ന് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്‌ച കണ്ടത്. അവശനായ അച്ഛൻ പൊടിയൻ ഭക്ഷണം ലഭിക്കാതെ അബോധാവസ്ഥയാിലായിരുന്നു, ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണമടഞ്ഞു.

ഇവരുടെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇളയമകൻ റജിയാണ് ദമ്പതികൾക്ക് സമീപം പട്ടിയെ കെട്ടിയിട്ടത്. പട്ടിയെ ഭയന്ന് നാട്ടുകാരൊന്നും അടുത്തെത്തിയിരുന്നില്ല. മകൻ പട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നു. ആരോഗ്യ പ്രവർ‌ത്തകരും ജനപ്രതിനിധികളും എത്തിയെങ്കിലും വൃദ്ധ ദമ്പതികളുടെ ബന്ധുക്കൾ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ല. തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് ഇവർ വഴങ്ങിയത്. ആശുപത്രിയിലെത്തിച്ച പൊടിയൻ (80) മരിച്ചതായി സ്ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടം നടപടികൾ നടക്കുകയാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യ അമ്മിണിയെ(76) കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.