sanju

ജയ്പൂർ : അടുത്ത സീസൺ ഐ.പി.എല്ലിൽ തങ്ങളുടെ നായകനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ നായകനായിരുന്ന ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്തിനെ അടുത്ത സീസണിൽ നിലനിറുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. താരലേലത്തോടനുബന്ധിച്ച് ടീമിൽ നിലനിറുത്തുന്ന താരങ്ങളുടെ ലിസ്റ്റ് ബി.സി.സി.ഐക്ക് കൈമാറുന്നതിന് തൊട്ടുമുമ്പാണ് സ്മിത്തിനെ കൈവിടാൻ ക്ളബ് തീരുമാനിച്ചത്.

യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസൺ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ രാജസ്ഥാന് വേണ്ടി സഞ്ജു അത്യുജ്വല പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 32 പന്തുകളിൽ ഒൻപത് സിക്സടക്കം 74 റൺസും പഞ്ചാബ് കിംഗ്സിനെതിരെ ഏഴ് സിക്സടക്കം 85 റൺസും നേടി ആരാധകരെ ത്രസിപ്പിച്ചെങ്കിലും പിന്നീട് അതേ മികവ് പുറത്തെടുക്കാനായില്ല. 14 മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറിയടക്കം 375 റൺസാണ് സഞ്ജു നേടിയിരുന്നത്. ഏറ്റവും അവസാനക്കാരായാണ് റോയൽസ് ഫിനിഷ് ചെയ്തതും. ഇതോടെയാണ് സ്മിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ ക്ളബ് തയ്യാറായത്.

കൊവിഡിന് ശേഷമുള്ള ആദ്യ ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്ടൻ സഞ്ജു ആയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ പുതുച്ചേരി,മുംബയ്, ഡൽഹി എന്നീ ടീമുകളെ തോൽപ്പിച്ച് ശ്രദ്ധയാകർഷിച്ച ടീം പക്ഷേ ആന്ധ്രയോടും ഹരിയാനയോടും തോറ്റ് ക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു.

ദേവ്ദത്തിനെ നിലനിറുത്തി ബാംഗ്ളൂർ

അടുത്ത സീസണിലേക്ക് നായകൻ വിരാട് കൊഹ്‌ലി,മലയാളിതാരം ദേവ്ദത്ത് പടിക്കൽ,ഡിവില്ലിയേഴ്സ്,യുസ്വേന്ദ്ര ചഹൽ,വാഷിംഗ്ടൺ സുന്ദർ,മുഹമ്മദ് സിറാജ്,നവ്ദീപ് സെയ്നി തുടങ്ങിയവരെ ബാംഗളൂർ റോയൽ ചലഞ്ചേഴ്സ് നിലനിറുത്തി. ആരോൺ ഫിഞ്ച്,ക്രിസ് മോറിസ്,മൊയീൻ അലി തുടങ്ങിയവരെയാണ് ലേലത്തിനായി വിട്ടത്.

ഡൽഹി ക്യാപിറ്റൽസ് ശിഖർ ധവാൻ,റിഷഭ് പന്ത്,പൃഥ്വി ഷാ,അജിങ്ക്യ രഹാനെ,ശ്രേയസ് അയ്യർ,അക്ഷർ പട്ടേൽ,അമിത് മിശ്ര തുടങ്ങിയവരെ നിലനിറുത്തി.മോഹിത് ശർമ്മ,അലക്സ് കാരെ,സന്ദീപ് ലാമിച്ചാനെ,ജാസൺ റോയി എന്നിവരെ കൈവിട്ടു.

പഞ്ചാബ് കിംഗ് ഇലവൻ ഗ്ളെൻ മാക്സ്‌വെല്ലിനെയും ഷെൽഡൺ കോട്ടെറെല്ലിനെയും കൈവിട്ടു.

സൺറൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണർ,കേൻ വില്യംസൺ എന്നിവരടക്കമുള്ള പ്രമുഖരെ നിലനിറുത്തി.ഫാബിയൻ അല്ലനെ ലേലത്തിലേക്ക് വിട്ടു.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ദിനേഷ് കാർത്തിക്കിനെയും കുൽദീപിനെയും നിലനിറുത്തി.ടോം ബാന്റണെ കൈവിട്ടു.

മുംബയ് ഇന്ത്യൻസ് മലിംഗ അടക്കം ഏഴുപേരെ കൈവിട്ടു.