
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളപരിഷ്‌കരണത്തിനുളള നടപടികൾ വേഗത്തിലാക്കി സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതിനാൽ അതിനുമുൻപുതന്നെ ഉദ്യോഗസ്ഥരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് അറിയിച്ചത്. ബഡ്‌ജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം.
ഏപ്രിലിൽ ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് ആദ്യം ധനമന്ത്രി ബഡ്‌ജറ്റിൽ അറിയിച്ചത്. എന്നാൽ ഇതിന്റെ ബാദ്ധ്യതവരുന്നത് അടുത്ത സർക്കാരിനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതിനിടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഫെബ്രുവരി മാസത്തിൽ തിരഞ്ഞെടുപ്പ് വിജ്‌ഞാപനമുണ്ടാകമെന്ന് സൂചനകൾ നൽകിയതോടെയാണ് സർക്കാർ ശമ്പളപരിഷ്‌കരണ നടപടി വേഗത്തിലാക്കിയത്. ക്യാൻസർ, എയിഡ്‌സ് രോഗികൾക്കുളള പെൻഷനും വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.