federal-bank

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ ഫെഡറൽ ബാങ്ക് 29.45 ശതമാനം വർദ്ധനയോടെ 963 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. അതേസമയം, കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുക (പ്രൊവിഷൻസ്) വർദ്ധിച്ചതിനാൽ അറ്റലാഭം 440.64 കോടി രൂപയിൽ നിന്ന് 404 കോടി രൂപയായി കുറഞ്ഞു.

വരുമാനം 3,738.22 കോടി രൂപയിൽ നിന്ന് 3,941.36 കോടി രൂപയായി മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്‌തി 2.99 ശതമാനത്തിൽ നിന്ന് 2.71 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.63 ശതമാനത്തിൽ നിന്ന് 0.60 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാനായെന്നും മൊത്തം ബിസിനസ് 2.63 ലക്ഷം കോടി രൂപയിൽ നിന്ന് 2.87 ലക്ഷം കോടി രൂപയിലേക്ക് വർദ്ധിച്ചുവെന്നും മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. മൊത്തം നിക്ഷേപം 11.81 ശതമാനം, അറ്റ വായ്‌പകൾ 5.27 ശതമാനം, കാർഷിക വായ്‌പ 23.84 ശതമാനം എന്നിങ്ങനെ ഉയർന്നു. 15,645 കോടി രൂപയായി ബാങ്കിന്റെ മൂല്യവും മെച്ചപ്പെട്ടു.