sanju-samson

ജയ്പൂർ : ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി മലയാളിതാരം സഞ്ജു സാംസണിനെ നിയമിച്ചു. നിലവിലെ ക്യാപ്ടൻ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതോടെയാണ് സ‌ഞ്ജുവിനെ ക്യാപ്ടനാക്കാനുള്ള തീരുമാനം. 2021 സീസണിലായിരിക്കും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായുള്ള സഞ്ജുവിന്റെ അരങ്ങേറ്റം.. സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിനുള്ള കേരളത്തിന്റെ ക്യാപ്ടനാണ് സഞ്ജു ഇപ്പോൾ.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസണിന് ഐ..പി..എല്ലിൽ മികച്ച റെക്കോഡാണ് ഉള്ളത്.. 107 മത്സരങ്ങളിൽ 2584 റൺസ് നേടിയ സഞ്ജുവിന്റെ ഉയർന്ന സ്കോർ 102 ആണ്.. 2015ൽ സിംബാബ്‌വെയ്ക്കെതിരെ ആയിരുന്നു ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന്റെ അരങ്ങേറ്റം. ഐ..പി..എല്ലിൽ പഞ്ചാബ് കിംഗ്സ് ഇലവനെതിരെ 2013ൽ ആയിരുന്നു ഐ..പി..എല്ലിലെ ആദ്യമത്സരം.

സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ ടീമിന് മികച്ച സംഭാവനയാണ് നൽകിയതെന്നും അദ്ദേഹവുമായുള്ള കരാർ അവസാനിച്ചതായും ടീം മാനേജ് മെന്റ് അറിയിച്ചു. സ്മിത്തുമായുള്ള കരാർ പുതുക്കുന്നില്ലെന്നും ക്യാപ്ടനായി ഇന്ത്യൻ താരത്തെ നിയോഗിക്കുമെന്നും മാനേജ് മെന്റ് പറഞ്ഞു.

2019 മദ്ധ്യത്തോടെ അജിങ്ക്യ രഹാനെയിൽ നിന്നാണ് സ്റ്റീവ് സ്മിത്ത് രാജസ്ഥാൻ ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഏറ്റെടുത്തത്.എന്നാൽ ടീമിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സ്മിത്തിനായില്ല.കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 311 റൺസാണ് സ്മിത്ത് നേടിയത്. എട്ടാംസ്ഥാനത്തായിരുന്നു രാജസ്ഥാൻ റോയൽസ്.