വാഷിംഗ്ടൺ: അമേരിക്കയിൽ 'ബൈഡൻ - കമല യുഗ'ത്തിന് തുടക്കമിട്ട് 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും (56)അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന്- ഇന്ത്യൻ സമയം രാത്രി 10.30ന്- ആയിരുന്നു സത്യപ്രതിജ്ഞ. യു.എസ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.
രണ്ട് ടേമുകളിലായി എട്ടു വർഷം വൈസ് പ്രസിഡന്റും 36 വർഷം സെനറ്ററുമായ ബൈഡൻ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. തമിഴ്നാട്ടിൽ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ഇന്ത്യയ്‌ക്കും അഭിമാന മുഹൂർത്തമായി.
അമേരിക്കൻ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്‌ക്ക് കിട്ടി. അമേരിക്കൻ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ ആണ് കമലയ്‌ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാൻ കമല രണ്ട് ബൈബിളുകൾ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ ജഡ്‌ജി തുർഗൂത് മാർഷൽ ഉപയോഗിച്ചതാണ് ഇതിൽ ഒന്ന്.
പിന്നാലെ ജോ ബൈഡൻ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതൽ ബൈഡൻ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡൻ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.
ആരവങ്ങളില്ലാതെ
കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വൻ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണിയുള്ളതിനാൽ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം. ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് സെനറ്ററായിരുന്ന കാലത്തേതുപോലെ ജന്മനാടായ വിൽമിംഗ്ടണിൽ നിന്ന് ട്രെയിനിൽ വരാനായിരുന്നു ബൈഡന്റെ പദ്ധതി. സുരക്ഷാഭീഷണി കാരണം ട്രെയിൻ യാത്ര റദ്ദാക്കി. വിൽമിംഗടണിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ബൈഡൻ വികാരഭരിതനായി കണ്ണീരണിഞ്ഞു.
അൺ ട്രംപ് അമേരിക്ക
ആദ്യ 10 ദിവസത്തെ പദ്ധതികൾ ബൈഡൻ നേരത്തേ പുറത്തു വിട്ടിരുന്നു. ട്രംപിന്റെ പല തീരുമാനങ്ങളും പിൻവലിക്കും.'അൺ ട്രംപ് അമേരിക്ക' എന്ന പേരിലാണ് പദ്ധതികൾ. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിൻവലിക്കുകയാണ് ഒന്നാമത്തെ ഇനം. പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും സഹകരിക്കുക, വിദ്യാർത്ഥി വായ്പയ്ക്കുള്ള വിലക്ക് നീക്കുക, മാസ്ക് അംഗീകരിക്കാത്ത ട്രംപിന്റെ നിലപാടിന് വിരുദ്ധമായി മാസ്ക് ധാരണം നിർബന്ധമാക്കുക. 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് പാക്കേജ് തുടങ്ങിയവയാണ് മറ്റു പരിപാടികൾ.
ആദ്യ 100 ദിവസം 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യും. കുടിയേറ്റ നിയമങ്ങളിലും സമ്പൂർണ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്. വർക്ക് വിസ സംവിധാനവും എച്ച്1ബി വിസ നിയമങ്ങളുമെല്ലാം മാറ്റിയേക്കും.