കണ്ണൂർ: പ്രശസ്‌ത ചലച്ചിത്ര നടൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്‌ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കൊവിഡ് പരിശോധനാഫലം നെഗറ്റീവാകുകയും ചെയ‌്തു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് വേർപാട്.
ഗാനരചയിതാവും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മുത്തച്ഛൻ കഥാപാത്രമായി ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അവിസ്‌മരണീയമായ പ്രകടനം കാഴ്‌ച വച്ചു. ദേശാടനത്തിലൂടെ 1996ൽ ജയരാജ് ആണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ തേടി പിന്നെയും നിരവധി വേഷങ്ങൾ എത്തുന്നതിന് കാരണമായി. മലയാളത്തിൽ കളിയാട്ടം, കൈക്കുടന്ന നിലാവ്, കല്യാണരാമൻ, രാപ്പകൽ, പോക്കിരിരാജ, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലും, തമിഴിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പമ്മൽ കെ സംബന്ധം, ചന്ദ്രമുഖി എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.