പുലർച്ചെ നാല് മണിക്ക് ഉറക്കമുണരുന്നതായിരുന്നു ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ശീലം. തുടർന്ന് വിഷ്‌ണുസഹസ്രനാമം അടക്കമുള്ള മന്ത്രജപം. പദ്‌മാസനത്തിൽ മണിക്കൂറുകളോളം തുടരാൻ തൊണ്ണൂറ്റി ഏഴാമത്തെ വയസിലും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഈ പ്രായത്തിൽ ഒരിക്കൽപോലും രക്തസമ്മർദ്ദമോ പ്രമേഹമോ പോലുള്ള ജീവിതശൈലി രോഗങ്ങൾ എത്തിനോക്കിയിട്ടുമില്ല.
എകെജിയുമായി അടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്ന ഉണ്ണികൃഷ്‌ണൻ നമ്പൂതിരി തികഞ്ഞ കമ്മ്യൂണിസ്‌റ്റായിരുന്നു. കമ്മ്യൂണിസം ഹഠാദാകർഷിച്ചെങ്കിലും ഇല്ലത്തെ ആചാരങ്ങൾക്കോ നിയമങ്ങൾക്കോ എതിര് നിൽക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കത്തുകളിൽ 'മൈ ഡിയർ ഡിയർ ഉണ്ണി' എന്നാണ് എകെജി ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയെ അഭിസംബോധന ചെയ‌്തിരുന്നത്. കമ്മ്യൂണിസ്‌റ്റു നേതാക്കളെ ഇല്ലത്തിന്റെ മച്ചിൽ സുരക്ഷിതമായി ഒളിച്ചുതാമസിപ്പിക്കുകയും, അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി നൽകിയ സഖാവ്. ജാതി ഭ്രഷ്‌ടും, സവർണ-അവർണ വ്യവസ്ഥയും കൊടുകുത്തിവാണിരുന്ന കാലത്തായിരുന്നു ഇതെന്നത് ശ്രദ്ധേയം.
അക്കാലത്ത് ഇല്ലത്തിനകത്ത് കുളിമുറി, കക്കൂസ് സൗകര്യങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നേതാക്കളുടെ സുരക്ഷയെ കരുതി അവരുടെ മലമൂത്ര വിസർജ്യങ്ങൾ ചട്ടിയിൽ കോരികൊണ്ടു കളയാൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ഒരു മടിയും കാണിച്ചിട്ടില്ല. ഒരിക്കൽ തന്റെ വിസർജനം കോരിമാറ്റി കൊണ്ടുപോകുന്ന ഉണ്ണിയോട്, 'എങ്ങനെയാണ് നിന്നോട് ഞാൻ ഇതിന് പ്രതിവിധി ചെയ്യുക' എന്നായിരുന്നത്രേ എകെജി ചോദിച്ചത്. ചോദ്യത്തിന് പുഞ്ചിരി മാത്രം ഉത്തരമായി നൽകിയ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ മനസിലുണ്ടായിരുന്നത് പാർട്ടിയോടും തന്റെ സഖാക്കളോടുമുള്ള സ്നേഹം മാത്രമായിരുന്നു.
ഇന്ന് വൈകിട്ടാണ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി അന്തരിച്ചത്. 98 വയസായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകൾക്കു മുൻപ് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കൊവിഡ് പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് വേർപാട്.
ഗാനരചയിതാവും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ മുത്തച്ഛൻ കഥാപാത്രമായി ഉണ്ണികൃഷ്ണൻ നമ്പൂതിരി അവിസ്മരണീയമായ പ്രകടനം കാഴ്ച വച്ചു. ദേശാടനത്തിലൂടെ 1996ൽ ജയരാജ് ആണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ തേടി പിന്നെയും നിരവധി വേഷങ്ങൾ എത്തുന്നതിന് കാരണമായി. മലയാളത്തിൽ കളിയാട്ടം, കൈക്കുടന്ന നിലാവ്, കല്യാണരാമൻ, രാപ്പകൽ, പോക്കിരിരാജ, മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലും, തമിഴിൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പമ്മൽ കെ സംബന്ധം, ചന്ദ്രമുഖി എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചു.