ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറിന്റെ ചിത്രം പതിപ്പിച്ച നടപടി വിവാദത്തിൽ. ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നിയമസഭാ കൗൺസിൽ അംഗം ദീപക് സിംഗ്, ചെയർമാന് കത്ത് നൽകി.
സ്വാതന്ത്ര്യസമര പോരാളികളുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറിന്റെ ചിത്രം പതിപ്പിച്ചത് അപമാനകരമാണെന്ന് ദീപക് സിംഗ് കത്തിൽ പറയുന്നു. ചിത്രം കൗൺസിലിൽ നിന്ന് നീക്കം ചെയ്ത് ബി.ജെ.പി ഓഫീസിലാണ് പതിപ്പിക്കേണ്ടതെന്നും കത്തിൽ പറയുന്നുണ്ട്.
കത്ത് പരിഗണിച്ച ചെയർമാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായി ദീപക് സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ചൊവ്വാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചിത്രം നിയമസഭാ കൗൺസിൽ ഗാലറിയിൽ അനാച്ഛാദനം ചെയ്തത്. സവർക്കർ മഹാനായ ഒരു സ്വാതന്ത്ര്യസമര പോരാളിയാണെന്നാണ് ചിത്രം അനാച്ഛാദനം ചെയ്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞത്. സവർക്കറിന്റെ വ്യക്തിത്വം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.