ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ ഒരുങ്ങി കർഷക സംഘടനകൾ. കർഷകരുമായുള്ള സർക്കാരിന്റെ പത്താംവട്ട് ചർച്ചയിലും ഇന്ന് തീരുമാനമായിരുന്നില്ല.. തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.. ഇതിനെതുടർന്നാണ് കർഷകസംഘടനകൾ നാളെ യോഗം ചേരുന്നത്. നാളെ രണ്ടുമണിക്കാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും ഫെബ്രുവരി 23നാണ് ഇനി അടുത്ത ചർച്ച.
കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. നാൽപ്പതോളം കർഷക സംഘടനാ നേതാക്കളാണ് പത്താംവട്ട ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെങ്കിൽ കോടതിയിൽ പോകാൻ ചർച്ചയിൽ കർഷകരോട് കേന്ദ്രം പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നത് ഒരുവർഷത്തോളം നിർത്തിവെക്കാമെന്നും കേന്ദ്രം കർഷകരെ അറിയിച്ചു. പക്ഷെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കർഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കർഷകരോട് ആവശ്യപ്പെട്ടു.
നിയമം ഒറ്റയടിക്ക് പിൻവലിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അതിനു വേണമെങ്കിൽ കർഷക സംഘടനകൾക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.