മഡ്ഗാവ് : ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ കെ.പി രാഹുൽ നേടിയ ഗോളിന് ബെംഗളുരു എഫ്.സിയെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്.ഇന്നലെയുമായി 2-1നാണ് മഞ്ഞപ്പട പിന്നിൽനിന്നശേഷം കത്തിക്കയറിയത്. 23-ാം മിനിട്ടിൽ ക്ളെയ്റ്റൺ സിൽവയിലൂടെ മുന്നിലെത്തിയിരുന്ന ബെംഗളുരുവിനെ 73-ാം മിനിട്ടിൽ ഖ്വാറിംഗിലൂടെയാണ് ബ്ളാസ്റ്റേഴ്സ് സമനിലയിലാക്കിയത്.
മത്സരത്തിന്റെ ആദ്യ മിനിട്ടിൽത്തന്നെ ബെംഗളുരുവിന്റെ മുന്നേറ്റമാണ് കണ്ടത്. എറിക്ക് പാർത്താലുവിന്റെ ശ്രമം ബ്ളാസ്റ്റേഴ്സ് ഗോളി ഗോമസ് സേവ് ചെയ്യുകയായിരുന്നു.14-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന് മുന്നിലെത്താൻ നല്ലൊരു അവസരം ലഭിച്ചതാണ്. ഒരു കോർണർ കിക്കിൽ നിന്ന് സഹൽ അബ്ദുൽ സമദ് നൽകിയ ക്രോസ് ഇടം കാലുകൊണ്ട്‌വലയിലേക്ക് അടിക്കാനുള്ള ജോർദാൻ മറേയുടെ ശ്രമം പാളുകയായിരുന്നു. തൊട്ടുപിന്നാലെ ലഭിച്ച കോർണർ കിക്കിൽ നിന്ന് നൊമേനേസുവിന്റെ ക്ളോസ് റേഞ്ചിലുള്ള ഷോട്ട് വലയ്ക്ക് മുകളിലേക്ക് പോവുകയും ചെയ്തു.
ബ്ളാസ്റ്റേഴ്സ് ആധിപത്യം ഉറപ്പിച്ച് കളിക്കാൻ ശ്രമിക്കുന്നതിനിടെ കിട്ടിയ അവസരം ഗോളാക്കി ബെംഗളുരു മത്സരം കയ്യിലെടുത്തു.23-ാം മിനിട്ടിൽ മുൻ ബ്ളാസ്റ്റേഴ്സ് താരം രാഹുൽ ഭെക്കെയുടെ അസിസ്റ്റിൽ നിന്നാണ് ക്ളേയ്റ്റൺ സിൽവ സ്കോർ ചെയ്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒന്നുരണ്ട് ശ്രമങ്ങൾ കൂടി ബ്ളാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും ഗോളായി മാറിയില്ല.
രണ്ടാം പകുതിയിൽ മറേയെ മാറ്റിയാണ് സമനില ഗോളിന് ഉടമയായ ഖ്വാറിംഗിനെ ഇറക്കിയത്. 73-ാം മിനിട്ടിൽ ഗാരി ഹൂപ്പറുടെ ക്രോസിൽ നിന്നായിരുന്നു ഖ്വാറിംഗിന്റെ ഗോൾ.ഹൂപ്പറാണ് രാഹുലിന്റെ വിജയഗോളിനും വഴിയൊരുക്കിയത്.
ഈ വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 13 പോയിന്റായ ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്തേക്കുയർന്നു.13 പോയിന്റുമായി ബെംഗളുരു ഏഴാമതുണ്ട്.