podiyan

കോട്ടയം: മുണ്ടക്കയത്തെ എൺപതുകാരന്റെ മരണത്തിന് കാരണം ഭക്ഷണം കഴിക്കാത്തതാണെന്ന് സൂചന. ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പട്ടിണി മരണമാണോ എന്ന് സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു.

മുണ്ടക്കയം അമ്പനിയിൽ തൊടിയിൽ വീട്ടിൽ പൊടിയനാണ് (80) മരിച്ചത്.ചൊവ്വാഴ്ചയാണ് പൊടിയനെയും ഭാര്യ അമ്മിണിയെയും ആശാവര്‍ക്കര്‍മാര്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്.വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു. അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൊടിയൻ മരിച്ചിരുന്നു.

ഇളയ മകൻ റെജിക്കൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ഇവരെ ഇയാൾ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ റെജി താമസിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളെ ശ്രദ്ധിച്ചിരുന്നില്ല. ഇവർ ജോലിക്ക് പോകുമ്പോൾ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നൽകാതിരിക്കാൻ വീടിന് മുന്നിൽ നായയെ കെട്ടിയിട്ടിരുന്നു.