biden

വാഷിംഗ്ടൺ: ഇന്നലെയാണ് അമേരിക്കയുടെ നാൽപത്തിയാറാമത് പ്രസിഡന്റ് ആയി ജോ ബൈഡൻ അധികാരമേറ്റത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്തു. ഇതുമാത്രമല്ല ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. 13 വനിതകൾ ഉൾപ്പടെ ഇരുപത് ഇന്ത്യൻ വംശജരെയാണ് സുപ്രധാന പദവികളിലേക്ക് നാമനിർദേശം ചെയ്തത്.

biden

മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി നാമനിർദ്ദേശം ചെയ്യപ്പെട്ട നീര ടാൻഡൻ ഉൾപ്പെടെ 17 പേർ വൈറ്റ് ഹൗസ് കോംപ്ലക്‌സിന്റെ ഭാഗമാകും. ആദ്യമായാണ് പുതിയ സർക്കാർ അധികാരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇത്രയധികം ഇന്ത്യൻ വംശജർ സുപ്രധാന പദവികളിലെത്തുന്നത്.

വൈറ്റ് ഹൗസിലെ മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി നാമനിർദ്ദേശം ചെയ്യപ്പെട്ട ടാൻഡൻ, യുഎസ് സർജൻ ജനറലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ വിവേക് മൂർത്തി എന്നിവരാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.


വനിത ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് ജസ്റ്റിസായി നാമനിർദേശം ചെയ്തു. കൂടാതെ മുൻ വിദേശകാര്യ സേവന രംഗത്ത് ഉണ്ടായിരുന്ന ഉസ്ര സേയയെ സിവിലിയൻ, സെക്യൂരിറ്റ്, ഡെമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി ആയി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

പ്രഥമ വനിത ഡോ ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി മാല അഡിഗയെയും, പ്രഥമ വനിതയുടെ ഓഫീസിലെ ഡിജിറ്റൽ ഡയറക്ടറായി ഗരിമ വർമയെയും, വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി സഫ്രീന സിംഗിനെയും നിയമിച്ചു.


ആദ്യമായി കാശ്മീർ ബന്ധമുള്ള രണ്ടുപേരും സംഘത്തിലുൾപ്പെടുന്നു. വൈറ്റ് ഹൗസിലെ ഓഫീസ് ഒഫ് ഡിജിറ്റൽ സ്ട്രാറ്റജിയിൽ പാർട്ണർഷിപ്പ് മാനേജരായി ഐഷ ഷായും, വൈറ്റ് ഹൗസിലെ യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിലിൽ (എൻഇസി) ഡെപ്യൂട്ടി ഡയറക്ടറായി സമീറ ഫാസിലിയും തിരഞ്ഞെടുക്കപ്പെട്ടു.

ഭാരത് രാമമൂർത്തിയാണ് വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിലിലെ മറ്റൊരു ഡെപ്യൂട്ടി ഡയറക്ടർ. ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്ത് വൈറ്റ് ഹൗസിൽ സേവനമനുഷ്ഠിച്ച ഗൗതം രാഘവനാണ് പ്രസിഡൻഷ്യൽ പേഴ്‌സണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ.

വർഷങ്ങളായി ബൈഡന്റെ വിശ്വസ്തരിൽ ഒരാളായ വിനയ് റെഡ്ഡിയെ സ്പീച്ച് റൈറ്റിംഗ് ഡയറക്ടറായി തിരഞ്ഞെടുത്തു. യുവ വേദാന്താണ് ബൈഡന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി. ഇന്ത്യൻ വംശജരായ തരുൺ ചബ്ര, സുമോണ ഗുഹ, ശാന്തി കലാത്ത് എന്നിവരെ വൈറ്റ് ഹൗസിന്റെ നിർണായകമായ ദേശീയ സുരക്ഷാ സമിതിയിലേക്ക് നിയമിച്ചു.

സോണിയ അഗർവാളിനെ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ സീനിയർ അഡ്വൈസറായി, വൈറ്റ് ഹൗസിലെ കൊവിഡ് 19 റെസ്‌പോൺസ് ടീമിന്റെ പോളിസി അഡ്വൈസറായി വിദുർ ശർമയെ നിയമിച്ചു. നേഹ ഗുപ്ത, റീമ ഷാ എന്നിവരെ വൈറ്റ് ഹൗസ് കൗൺസിലിലേക്ക് തിരഞ്ഞെടുത്തു.