മീററ്റ്: മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് രണ്ടാനമ്മയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രേഷ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മീററ്റ് ജില്ലയിലെ മൊഹല്ല ഇസ്ലാമാബാദിലാണ് സംഭവം. പ്രതിയുടെ പിതാവാണ് വിവരം പൊലീസിൽ അറിയിച്ചത്.
മദ്ധ്യപ്രദേശിലെ രത്‌ലാം നിവാസിയായ രേഷ്മ അബ്ദുറഹ്മാൻ എന്നയാളുടെ രണ്ടാം ഭാര്യയാണ്. ഇയാളുടെ ആദ്യ വിവാഹത്തിലുള്ള മകനായ ഖിസ്ർ ആണ് രേഷ്മയെ കൊലപ്പെടുത്തിയത്. ഖിസ്ർ മാതാവിനും സഹോദരങ്ങൾക്കുമൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസം.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പ്രതി രേഷ്മയുടെ വീട്ടിലെത്തിയത്. മൊബൈൽ വാങ്ങാൻ പതിനായിരം രൂപ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ പണമില്ലെന്ന് യുവതി പറഞ്ഞതോടെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. പിതാവിന്റെ ജോലിസ്ഥലത്തെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പറഞ്ഞത്. തുടർന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. അബ്ദു റഹ്മാൻ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മകൻ മയക്കുമരുന്നിന് അടിമയാണെന്നും, മോശം കൂട്ടുകെട്ടാണ് അവൻ ചീത്തയാകാൻ കാരണമെന്നും അബ്ദു റഹ്മാൻ പൊലീസിനോട് പറഞ്ഞു.