ഇന്നലെ നടന്ന ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാൾ ബരാക് ഒബാമയുടെ ഭാര്യയും അമേരിക്കയുടെ മുൻ പ്രഥമ വനിതയുമായ മിഷേൽ ഒബാമയാണ്. ചടങ്ങിനെത്തിയവർ മിഷേലിനെ ശ്രദ്ധിക്കാനുള്ള പ്രധാന കാരണം അവരുടെ വസ്ത്രധാരണം തന്നെയാണ്.
മോണോക്രോം ബെൽറ്റ്, ട്രെഞ്ച് കോട്ട് ത്രീപീസ് സെറ്റായിരുന്നു മിഷേലിന്റെ ഇന്നലത്തെ വേഷം. കുടിയേറ്റക്കാരായ വനിതാ ഡിസൈനർമാർക്ക് പലപ്പോഴും അവസരങ്ങൾ നൽകിയ വ്യക്തിയാണ് മിഷേൽ. ചരിത്ര ദിനത്തിലും അത് ആവർത്തിച്ചു. അതിമനോഹരമായ ഈ വസ്ത്രത്തിന് പിന്നിൽ മിഷേലിന്റെ പ്രിയപ്പെട്ട ഡിസൈൻമാരിൽ ഒരാളായ സെർജിയോ ഹഡ്‌സണാണ്.
പർപ്പിൾ നിറത്തിലുള്ള രാജകീയ വേഷത്തിൽ ഭർത്താവിനൊപ്പമുള്ള മിഷേലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഫാഷൻ ലോകത്ത് തരംഗമായിക്കഴിഞ്ഞു. മിഷേലിന്റെ ഹെയർ സ്‌റ്റൈലും ഏറെ ശ്രദ്ധിക്കപ്പെട്ടു. യെൻ ഡാംട്യൂ ആയിരുന്നു ഹെയർസ്റ്റൈലിസ്റ്റ്.കറുത്ത മാസ്‌ക് അണിഞ്ഞാണ് ചടങ്ങിലെത്തിയത്. അമേരിക്കൻ വനിതാ സമത്വത്തിന്റെ നിറമാണ് പർപ്പിൾ. മുൻപും പല തവണ വസ്തരധാരണം കൊണ്ട് മിഷേൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.