ജീവിതാഭിലാഷം യാഥാർത്ഥ്യമാക്കി ഉണ്ണികൃഷ്ണൻ നമ്പൂതിരി യാത്രയായി
തൊണ്ണൂറ്രി എട്ടാം വയസിൽ കൊവിഡിനെ അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങുന്നതിനിടെ അപ്രതീക്ഷിത വിയോഗം. എന്നാൽ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ എന്നും ജീവിക്കും മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. പയ്യന്നൂർ കൊറോം പുല്ലേരി വാധ്യാർ ഇല്ലത്തുനിന്ന് മലയാള സിനിമയുടെ മുറ്റത്തേക്ക് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എത്തുന്നത് അപ്രതീക്ഷിതം.ജയരാജിന്റെ ദേശാടത്തിലൂടെ സിനിമയിൽ എത്തി . മരുമകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മാത്രം സിനിമാബന്ധം.'' ദാമോദരന്റെ വീട്ടിൽ വന്നപ്പോഴാണ് ജയരാജ് എന്നെ കാണുന്നത്. അപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. അഭിനയിക്കാൻ താത്പര്യമില്ലാത്തതിനാൽ ഒഴിഞ്ഞുമാറി.മക്കളും ദാമോദരനും ഒരുപാട് നിർബന്ധിച്ചു. ഒടുവിൽ തീരുമാനം മാറ്റി. പയ്യന്നൂർ ഗവ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ മോണോ ആക്ട് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
കലാപ്രവർത്തനം അവിടെ തീർന്നുവെന്നാണ് കരുതിയത്.ദേശാടനത്തിന് ദാമോദരന്റെ പാട്ടുകൾ.ദാമോദരന്റെ മകൻ ദീപാങ്കുരൻ ആദ്യമായി സിനിമയിൽ പാടി.അങ്ങനെ ഒരു പ്രത്യേകത കൂടിയുണ്ട് ദേശാടനത്തിന്.ദീപാങ്കുരൻ പാടിയ നാവാമുകുന്ദാഹരേ എന്ന പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഭിനയിച്ച സിനിമയിൽ ഏറെ പ്രിയം ദേശാടനം തന്നെ. പിന്നേ കല്യാണ രാമൻ. ഈ പ്രായത്തിലും ശ്യംഗാര ഭാവം അഭിനയിക്കാൻ തിരുമേനിക്ക് മാത്രമേ കഴിയുവെന്ന് ആ സിനിമ കണ്ട് അടൂർ ഗോപാലകൃഷ്ണൻ സർ പറഞ്ഞു.""സിനിമാവിശേഷത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ആഹ്ളാദവാനായി ഇങ്ങനെ പറഞ്ഞു തുടങ്ങും.
''പണ്ടെ നർമ്മം ആണ് അച്ഛന്റെ സ്ഥായി ഭാവം. നല്ല തമാശിക്കാനും. അതോടൊപ്പം എപ്പോഴും സന്തോഷവാൻ. അതാണ് പോസിറ്റീവ് എനർജിയുടെ കാരണം.ആരോടും ദേഷ്യപ്പെടാറില്ല.നല്ലതിനുവേണ്ടി മാത്രം ചെറുപ്പത്തിൽ ഞങ്ങൾ മക്കളെ ശാസിച്ചു. അതിന്റെ പതിൻമടങ്ങ് സ് നേഹിച്ചു.ഞങ്ങളെ ആരെയും തല്ലേണ്ട സാഹചര്യം ഉണ്ടായില്ല. മക്കൾ മാത്രമല്ല ,എല്ലാവരുംഅച്ഛന് പ്രിയപ്പെട്ടവരാണ് .അപൂർവമായി മാത്രമേ പേര് വിളിക്കാറുള്ളൂ.മോനെ, മോളെ എന്നാണ് വിളിക്കുക.അതും ശീലമാണ്. കൊച്ചുമക്കളെ പൊന്നുമോളെ എന്നു വിളിച്ചു.സ്നേഹത്താൽ ആ വിളി വന്നു ചേരുന്നതാണ്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇതുവരെ ജീവിച്ചത്. മുൻപ് ജുബ്ബ ധരിച്ചു. പിന്നീട് ധരിക്കാൻ ബുദ്ധിമുട്ടുവന്നപ്പോൾ ഷർട്ട്.അതാണ് ഏക മാറ്റം."" ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മൂത്തമകൻ ഭവദാസൻ നമ്പൂതിരിയുടെ ഒാർമയിൽ തെളിയുന്ന അച്ഛൻ ചിത്രം ഇതാണ്.
കൊവിഡ് ബാധിക്കുന്നതിന് മുൻപു വരെ പുലർച്ചെ അഞ്ചിന് ഉണരുന്നതാണ് ശീലം. ജപം കഴിഞ്ഞ് കുളി.തുടർന്ന് നെറ്റിയിൽ ഭസ്മം.പിന്നേ ചന്ദനവും കുങ്കുമവും. ഈ മുഖത്തോടെ ആണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ എല്ലാവരും കണ്ടിട്ടുള്ളൂ.പത്മാസനത്തിലെ ജപവും യോഗയും പ്രായാദ്ധ്യകം മൂലം ഉപേക്ഷിച്ചു. ദിവസവും പത്രവായനയുണ്ടായിരുന്നു. ഊണിന് പ്രത്യേക വിഭവമൊന്നുമില്ല .രാത്രി എട്ടിനുശേഷം ഉറക്കം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുക അടുത്തകാലത്ത് പുതിയ ദിനചര്യയായി മാറ്റി.ദേശാടനത്തിൽ കരയിപ്പിക്കുകയും കല്യാണരാമനിലും കൈക്കുടന്ന നിലാവിലും മായാമോഹിനിയിലും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തൊണ്ണൂറ്രി എട്ടാം പിറന്നാൾ ആഘോഷിച്ചത് മൂന്നുമാസം മുൻപാണ്.
തുലാം മാസത്തിലെ തിരുവോണമാണ് നക്ഷത്രം. 1922 ഒക്ടോബർ 25ന് ജനനം. ഈ പ്രാവശ്യം മഹാനവമി ദിവസം ജന്മദിനം എത്തി എന്നതായിരുന്നു പ്രത്യേകത.എല്ലാ ജന്മദിനത്തിലും കുടുംബാംഗങ്ങൾ ഒത്തുചേരാറുണ്ട് .അവരോടൊപ്പം സദ്യ കഴിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേരാൻ പതിവുപോലെ വിളിച്ചു. കമൽഹാസൻ എല്ലാ പിറന്നാൾ ദിനത്തിലും വിളിക്കുമായിരുന്നു. ഒരു പ്രാവശ്യം ആശംസ നേർന്ന് രജനികാന്ത് കത്ത് അയച്ചു.ആ കത്ത് നിധിപോലെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്തു.
കൊറോം വരരുചിമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ തന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. ഇല്ലത്തിനോടു ചേർന്ന ദേവി സഹായം യു.പി സ്കൂളിന്റെ മാനേജരുമാണ് . എല്ലാ ജാതിമതസ്ഥർക്കും വിദ്യ അഭ്യസിപ്പിക്കാൻ സ്ഥാപിച്ച സ്കൂളാണ്.പഠനശേഷം വീട്ടുകാര്യങ്ങളും കൃഷിയും നോക്കി ജീവിച്ച ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മായാമോഹിനിയിലാണ് ഒടുവിൽ അഭിനയിച്ചത്. എഴുതപ്പെട്ട കുറെ കഥാപാത്രങ്ങൾ കുറഞ്ഞസമയം കൊണ്ട് അവതരിപ്പിക്കാൻ സാധിച്ചു. തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ചശേഷം അവർ താത്ത എന്നു സ് നേഹത്തോടെ വിളിച്ചു.
പമ്മൽ കെ സമ്മന്തത്തിൽ കമൽഹാസനൊപ്പം അഭിനയിച്ചു. ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പം. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിൽ െഎശ്വര്യ റായ് യോടൊപ്പവും അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് സിനിമകൾ. ഇളയ മകൻ പി.വി കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി അധികാരമേറ്റ ചടങ്ങ് കാണാൻ പ്രായാധിക്യത്തെ മറന്ന് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എത്തിയത് വാർത്തയിൽ ഇടം നേടുകയും ചെയ്തു.
''അച്ഛന്റെ ജീവിതാഭിലാഷമായിരുന്നു അത്. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ചക്രക്കേസരയിലിരുന്നാണ് കണ്ടത്. ഒരിക്കലും വിവരിക്കാനാവാത്ത സന്തോഷം അനുഭവപ്പെട്ടു.ഞങ്ങൾ എല്ലാവരും നല്ല നിലയിൽ എത്തിയതിൽ അച്ഛന് ഏറെ സന്തോഷിച്ചു. അച്ഛന്റെ ജ്യേഷ്ഠൻ കേശവൻ നമ്പൂതിരി കാസർകോട്ടെ പ്രമുഖ അഭിഭാഷകനായിരുന്നു. അദ്ദേഹമാണ് അച് ഛന്റെ മാതൃകാ പുരുഷൻ. കൊവിഡ് വ്യാപാനം തടയുന്ന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുമ്പോൾ അതിന്റെ ഭാഗമാവണമെന്ന് അച് ഛന് തോന്നി. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുകയും ചെയ്തു. നാട് അഭിമുഖീകരിക്കുന്ന മഹാമാരിയെ ചെറുക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് അച്ഛന് അറിയാമായിരുന്നു.""ഭവദാസൻ നമ്പൂതിരിയുടെ വാക്കുകൾ.
ഭാര്യ ലീല അന്തർജ്ജനം പത്തുവർഷം മുൻപ് മരിച്ചു.ദേവി, ഭവദാസൻ നമ്പൂതിരി യമുന, പി.വി കുഞ്ഞിക്കൃഷ്ണൻ എന്നിവരാണ് മക്കൾ. ഭവദാസൻ നമ്പൂതിരി കർണാടക ബാങ്കിൽ ചീഫ് മാനേജരായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി , ഇന്ദിര, പുരുഷോത്തമൻ, നിത എന്നിവരാണ് മരുമക്കൾ. ആതിര, ആരതി, ദീപാങ്കുരൻ, ദേവദർശൻ, സച്ചിൻ, നൂപുര, സുമൻ, സുനൈന എന്നിവർ കൊച്ചുമക്കൾ. കൊച്ചുമക്കളിൽ രണ്ട് ഡോക്ടർമാർ, സംഗീത സംവിധായകൻ, പി.എച്ച് .ഡി ചെയ്യുന്ന ആൾ എന്നിവരുണ്ട്. രണ്ടു കൊച്ചുകൊച്ചുമക്കളെയും കാണാൻ കഴിഞ്ഞു.ദീപാങ്കുരന്റെ മകൻ ദേവാങ്കും ആതിരയുടെ മകൾ നിഹാരയുമാണ് കൊച്ചുമക്കൾ.