കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകനും നടനുമായ മേജർ രവി. അഞ്ച് വർഷം മുമ്പും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് പാർട്ടി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തൃപ്പുണിത്തുറയിൽ നിൽക്കുന്നോയെന്ന് വ്യക്തിപരമായി ചോദിച്ചിട്ടുണ്ട്. താൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കിൽ രാഷ്ട്രീയക്കാരനാകണമെന്ന് ഒരു നിർബന്ധവുമില്ലെന്നും മേജർ രവി വ്യക്തമാക്കി.
തനിക്ക് മതഭ്രാന്താണെന്ന് പറഞ്ഞ ഒരുത്തൻ ഇപ്പോൾ ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായി ഇരിപ്പുണ്ട്. അവർക്കൊന്നും രാഷ്ട്രീയമായ നിലപാടുകളൊന്നുമില്ല. എന്തെങ്കിലും സ്ഥാനം കിട്ടാൻ വേണ്ടി ചെയ്യുന്ന ആ രാഷ്ട്രീയം തനിക്കില്ല. കഴിഞ്ഞ തവണ ബി ജെ പിക്ക് വേണ്ടി വിളിച്ചിടത്തെല്ലാം പോയിട്ടുണ്ട്. ചുരുങ്ങിയത് മുപ്പത് മണ്ഡലങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തു. എന്നാൽ അതുകഴിഞ്ഞ് രാഷ്ട്രീയക്കാർ ആരേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠം താൻ പഠിച്ചുവെന്നും സ്ഥാനാർത്ഥികളിൽ ഒരുത്തൻ പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തന്നെ വിളിച്ചില്ല. മേജർ രവി വ്യക്തമാക്കി.
കേരളത്തിലെ ബി ജെ പിയിൽ നേതാക്കന്മാരെന്ന് പറഞ്ഞു നടക്കുന്ന തൊണ്ണൂറ് ശതമാനം പേരെയും തനിക്ക് വിശ്വാസമില്ല. അതിൽ പ്രധാന കാരണം പാർട്ടിക്കകത്തെ ഉൾപ്പോരാണ്. ഇപ്പോൾ മാറി നിൽക്കുന്ന ഒരു നേതാവ് രവിയേട്ടാ എനിക്കെന്ത് കിട്ടും എനിക്കെന്ത് കിട്ടുമെന്നാണ് ചോദിക്കുന്നത്. എനിക്കെന്ത് കിട്ടുമെന്നല്ല, നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നാണ് ചോദിക്കേണ്ടതെന്നാണ് ഞാൻ അവരോട് പറഞ്ഞതെന്നും മേജർ രവി പറയുന്നു.
ഇത്തവണ സ്ഥാനാർത്ഥിയെ നോക്കിയായിരിക്കും പ്രചാരണത്തിന് ഇറങ്ങുക. കക്ഷത്ത് മസിലുളള നേതാക്കൾക്ക് വേണ്ടി പോകില്ല. കേരളത്തിലെ ബി ജെ പി നേതാക്കൾ പറഞ്ഞാലൊന്നും മേജർ രവി സ്ഥാനാർത്ഥിയായി നിൽക്കില്ല. കേരളത്തിൽ ഇപ്പോഴുളള ബി ജെ പി നേതാക്കളെ ഞാൻ മാനിക്കുന്നില്ല. ആദ്യം അവരെ ജനങ്ങൾ സ്വീകരിക്കട്ടെ. അല്ലാതെ കുറച്ച് അണികൾ ചേർന്ന് ജയ് വിളിച്ച് നടന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.