തിരുവനന്തപുരം: നാലര വർഷം മുമ്പ് നടന്ന സ്‌പീക്കർ തിരഞ്ഞെടുപ്പിൽ ശ്രീരാമകൃഷ്‌ണന് വോട്ട് ചെയ്‌ത ഒ രാജഗോപാൽ നിയമസഭയിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. അന്ന് സ്‌പീക്കറെ സഭയിലെ ഏക ബി ജെ പി എം എൽ എ ആയ രാജഗോപാൽ പിന്തുണച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇന്ന് മുസ്ലീം ലീഗ് എം എൽ എ എം ഉമ്മർ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൻ മേൽ നടന്ന ചർച്ചയിൽ പ്രമേയത്തെ പിന്തുണച്ചു കൊണ്ടാണ് സഭയിലെ ഏക ബി ജെ പി അംഗവും നേമം എം എൽ എയുമായ ഒ രാജഗോപാൽ സംസാരിച്ചത്.
ഒ രാജഗോപാലിന്റെ വാക്കുകൾ
സ്‌പീക്കർക്കെതിരെ അവതരിപ്പിക്കപ്പെട്ട ഈ അവിശ്വാസ പ്രമേയത്തെ ഞാൻ പിന്തുണയ്‌ക്കുന്നു. സ്‌പീക്കർ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി സ്വർണക്കടത്ത് കേസിലടക്കം ആരോപണവിധേയനായിട്ടുണ്ട്. സ്‌പീക്കർ സഭയിലെ എല്ലാ അംഗങ്ങൾക്കും മാതൃകയാവേണ്ട വ്യക്തിയാണ്. പൊതുപ്രവർത്തകർ പലതരം സമ്മർദ്ദങ്ങൾക്കും വശീകരണങ്ങൾക്കും വഴിപ്പെട്ടുപോകാൻ പാടില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തിരിച്ചറിയാനും അകറ്റി നിർത്താനും പൊതുപ്രവർത്തകർക്ക് സാധിക്കണം. മറിച്ച് അവർക്കൊപ്പം നീങ്ങേണ്ടി വരുന്നത് ദു:ഖകരമാണ്.