ഭക്ഷണപ്രിയരെ തേടി ഇതാ ഒരു സന്തോഷ വാർത്ത. പൂനെ വരെ പോയാൽ മൂക്ക് മുട്ടെ ഭക്ഷണവും കഴിക്കാം ബുള്ളറ്റിൽ തിരികെ പോരുകയും ചെയ്യാം. കൊവിഡ്ക്കാലത്ത് ഹോട്ടൽ ബിസിനസ് നേരിട്ട തകർച്ചയിൽ നിന്ന് കരകയറാൻ പുനെയിലെ ശിവരാജ് ഹോട്ടലുടമ അതുൽ വെയ്ക്കറാണ് വിചിത്രമായൊരു തീറ്റമൽസരം പ്രഖ്യാപിച്ചത്.
പതിവ് തീറ്റമൽസരം പോലെ അത്ര എളുപ്പം ജയിക്കാൻ പറ്റുന്നൊരു മത്സരമല്ല ഇത്. ഒരു മണിക്കൂറിൽ നാലു കിലോ തൂക്കമുള്ള നോൺ വെജ് താലി മീൽസ് കഴിച്ചു തീർക്കണം. മൽസരത്തിൽ ജയിച്ചാൽ പുത്തൻ ബുള്ളറ്റിൽ വീട്ടിലേക്ക് മടങ്ങാം. ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ബുള്ളറ്റ് താലി ഒരു തരി പോലും ബാക്കിവയ്ക്കാതെ അകത്താക്കിയ മഹാരാഷ്ട്രയിലെ സോലപൂർ സ്വദേശി സോമനാഥ് പവാറാണ് മത്സരത്തിലെ ആദ്യ വിജയി.
പന്ത്രണ്ട് തരം നോൺ വെജ് വിഭവങ്ങൾ അടങ്ങിയതാണ് താലി. മട്ടൻ കറി, വറുത്ത മീൻ, ചിക്കൻ തന്തൂരി, മട്ടൻ ഡ്രൈ ഫ്രൈ, ഗ്രേ മട്ടൻ, ചിക്കൻ മസാല, ചെമ്മീൻ ബിരിയാണി എന്നീ വിഭവങ്ങളാണ് താലിയിലുള്ളത്. ഈ ഹോട്ടലിലെ മെനു മുഴുവൻ ‘താലി’മയമാണ്. 65ൽ അധികം വ്യത്യസ്തമായ താലി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. വിഭവങ്ങളിൽ മാത്രമല്ല താലികളുടെ പേരുകളിലും കൗതുകമുണ്ട്, രാവൺ താലി, ബുള്ളറ്റ് താലി, മാൽവാനി താലി, ഫയൽവാൻ മട്ടൻ താലി, ബകാസുർ ചിക്കൻ താലി, സർക്കാർ മട്ടൻ താലി... താലിയുടെ കനം പോലെ തന്നെ വിലയുടെ കാര്യത്തിലും അൽപ്പം കനം കൂടുതലാണ്.
ഓരോ താലി മീൽസിനും വില 2500 രൂപയാണ്. സവിശേഷമായ തീറ്റമത്സരങ്ങൾ കൊണ്ട് പ്രശസ്തമാണ് ഈ ഹോട്ടൽ. ഇതിന് മുമ്പ് ഇവിടെ 8 കിലോ രാവൺ താലി തീറ്റമത്സരം നടത്തിയിരുന്നു. നാലു പേർ ചേർന്ന് ഒരു മണിക്കൂറിനുളളിൽ രാവൺ താലി കഴിക്കണമെന്നതായിരുന്നു മൽസര നിബന്ധന. വിജയിക്ക് 5000 രൂപ സമ്മാനത്തുക കൂടാതെ രാവൺ താലിയും സൗജന്യമായി നൽകി. അപ്പോൾ അടുത്ത വണ്ടിക്ക് തന്നെ പൂനെയിലേക്ക് പോവുകയല്ലേ...