ktdfc

തിരുവനന്തപുരം: നഷ്ടത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായ സ്രോതസായ പൊതുമേഖലാ സ്ഥാപനം കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി)​ കടുത്ത പ്രതിസന്ധിയിൽ ആയതോടെ അന്ന് സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും നിലവിലെ ട്രാൻസ്‌പോർട്ട് കമ്മിഷണറുമായ എം.ആർ. അജിത്ത് കുമാർ സ്ഥാപനം പൂട്ടണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് പുറത്തായി.

കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനൊപ്പം കെ.ടി.ഡി.എഫ്.സി പൂട്ടുമെന്നാണ് അജിത്ത് കുമാർ 2020 നവംബർ 20നാണ് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് കത്ത് നൽകിയത്. കെ.എസ്.ആർ.ടി.സിക്ക് വൻതുക നൽകിയതും കെ.ടി.ഡി.എഫ്.സിയുടെ നിഷ്‌ക്രിയ ആസ്തികൾ കൂടിയതുമാണ് സ്ഥാപനം പൂട്ടുന്നതിലേക്ക് സർക്കാരിനെ എത്തിച്ചതെന്നാണ് സൂചന. എന്നാൽ,​ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നും തന്നെ പൂട്ടില്ലെന്ന സർക്കാരിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴത്തെ നടപടിയെങ്കിലും ജീവനക്കാരെ പുനർവിന്യസിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഗതാഗതവകുപ്പ് അനുമതി നൽകിയതായാണ് സൂചന.

നിക്ഷേപകരിൽ നിന്ന് സ്ഥിര നിക്ഷേപങ്ങൾ സ്വീകരിച്ചാണ് കെടി.ഡി.സിയുടെ പ്രവർത്തനം. ഇതിനോടകം 925 കോടിയാണ് കെ.ടി.ഡി.സിയിലെ നിക്ഷേപം. എന്നാൽ കമ്പനിയുടെ കൈയിലുള്ളത് 353.89 കോടി രൂപ മാത്രമാണ്. ഈ വർഷം ജൂൺ വരെയുള്ള നിക്ഷേപം തിരിച്ചടയ്ക്കുന്നതിന് ഈ തുക മതിയാകും. കെ.എസ്.ആർ.ടി.സി നൽകാമെന്ന് അറിയിച്ചിരിക്കുന്ന 356.65 കോടി കൂടി വാങ്ങി മറ്റ് ബാദ്ധ്യതകൾ തീർക്കണമെന്നുമാണ് കത്തിൽ പറയുന്നത്. കെ.ടി.ഡി.എഫ്.സിയുടെ കണക്കുകൾ പ്രകാരം 1678 കോടിയാണ് ഫണ്ട്. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ലഭിച്ചതടക്കമാണിത്. തിരിച്ചു കൊടുക്കാനുള്ള 925 കോടിയുടെ നിക്ഷേപം അടക്കം 1394.87 കോടിയാണ് ബാദ്ധ്യത. ഇനി ജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതെന്നും നിലവിലെ നിക്ഷേപത്തിനുള്ള പലിശ രണ്ട് ശതമാനമായി കുറയ്ക്കണമെന്നും ശുപാർശയുണ്ട്.

ജനങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചു നൽകിയ ശേഷം കുടിശിക വരുത്തിയവരിൽ നിന്ന് തിരിച്ചുപിടിക്കൽ നടപടികൾ സ്വീകരിക്കണം. തലസ്ഥാനത്ത് അടക്കം കെ.എസ്.ആർ.ടി.സിയുടെ ഭൂമിയിൽ കെ.ടി‌.ഡി.എഫ്.സി ഷോപ്പിംഗ് കോംപ്ളക്സുകൾ നിർമ്മിച്ചിട്ടുണ്ട്. ഇവയൊന്നും തന്നെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കി നൽകിയുമില്ല. കോംപ്ളക്സുകളിലായി 2.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഉപയോഗിക്കാതെ കിടക്കുകയാണ്. 2012-15 കാലയളവിൽ കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടിൽ 100 കോടിയുടെ തട്ടിപ്പ് നടന്നതായി കെ.എസ്.ആർ.ടി.സി സി എം.ഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയതിന് പിന്നാലെ കെ.ടി.ഡി.എഫ്.സിയും കെ.എസ്.ആർ.ടി.സിയും തമ്മിലെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണവും പരിഗണനയിലാണ്.