desert

വടക്കുപടിഞ്ഞാറൻ ബ്രസീലിലെ മറാൻഹാവോ സംസ്ഥാനത്ത്, ബിയാ ഡി സാവോ ജോസ് ഉൾക്കടലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ലെൻകോയിസ് മരാൻഹെൻസെസ് ദേശീയോദ്യാനം സഞ്ചാരികൾക്കായി കാത്തു വച്ചിരിക്കുന്നത് ആരെയും അമ്പരപ്പിക്കുന്ന കാഴ്ചകളാണ്.

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാര മണൽ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഒരു മരുഭൂമിയാണെന്നേ ആരും പറയൂ. യഥാർത്ഥത്തിൽ ഇതൊരു മരുഭൂമിയല്ല!

പോർച്ചുഗീസ് ഭാഷയിൽ 'മറാൻഹാവോയുടെ ബെഡ്ഷീറ്റുകൾ' എന്നാണ് ലെൻകോയിസ് മരാൻഹെൻസെസ് എന്ന വാക്കിനർത്ഥം.

കിലോമീറ്ററുകളോളം വെളുത്ത ഒരു പുതപ്പിട്ടു മൂടിയതു പോലെയുള്ള മണലാണ് ഈ പേരിനു കാരണം. ബ്രസീലിൽ, അധികം പേർക്കും അറിയാത്തൊരു അതിമനോഹരവുമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണത്. എന്നാൽ, സോഷ്യൽ മീഡിയയിലൂടെയും മറ്റും ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്.

പ്രകൃതി ഒരുക്കുന്ന നാടകീയവും മായികവുമായ കാഴ്ചകളാണ് ലെൻകോയിസിനെ വ്യത്യസ്തമാക്കുന്നത്. ഏകദേശം 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആയിരക്കണക്കിന് ജലാശയങ്ങൾ കൊണ്ട് നിറയും. വെളുത്ത മണൽപ്പരപ്പിൽ മരതകനീല നിറത്തിൽ പ്രത്യക്ഷമാകുന്ന ഈ ജലാശയങ്ങൾ അതീവ സുന്ദരമായ കാഴ്ചയാണ്. എല്ലാ വർഷവും ജനുവരി മുതൽ ജൂൺ വരെ ലഭിക്കുന്ന കനത്ത മഴയാണ് ഇതിനു കാരണമാകുന്നത്.

ജൂലായ് ആകുമ്പോഴേക്കും ചില കുളങ്ങൾക്ക് 300 അടി നീളവും പത്തടി വരെ ആഴവും വരെ കാണും.

അതുകൊണ്ടുതന്നെ ഈ കാലത്താണ് ഇവിടേക്ക് കൂടുതൽ വിനോദസഞ്ചാരികളും എത്തുന്നത്. ചില ജലാശയങ്ങൾക്ക് 300 അടിയോളം വരെ നീളം കാണാറുണ്ട്. ഇവിടെ എത്തുന്നവർക്ക് കുളത്തിൽ ഇറങ്ങാനും കുളിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി മീനുകളെയും ഈ ജലാശയങ്ങളിൽ കാണാം.

അതേസമയം, ജൂലായ് മുതൽ സെപ്‌തംബർ വരെ മാത്രമാണ് ഈ കുളങ്ങൾ ഇവിടെ ഉണ്ടാകുക. ഒക്ടോബർ മാസമാകുമ്പോഴേക്കും ഈ കുളങ്ങൾ അപ്രത്യക്ഷമാകും. പിന്നീട് ഇവിടെ ഉണ്ടാകുന്ന ശക്തമായ കാറ്റിന്റെ ഫലമായി മണൽക്കുന്നുകൾ രൂപപ്പെടുന്നതും കാണാം.