desert

വിശ്വാസത്തിന്റെ ഭാഗമായാണ് നമ്മൾ നരകം, പാതാളം എന്നിങ്ങനെ ഉപയോഗിക്കുന്നത്. 'നരകത്തീ' എന്ന് കേൾക്കാത്തവർ കുറവാണ്. എന്നാൽ, പുരാണങ്ങളിലും ഇതിഹാസങ്ങളിലും അല്ലാതെ 'നരകത്തീ' പോലൊരു സ്ഥലം നമ്മുടെ ഭൂമിയിലുണ്ട്. എപ്പോഴും തീ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഭീമൻ കുഴി 'നരകത്തിലേക്കുള്ള കവാടം' എന്നാണ് അറിയപ്പെടുന്നത്.

തുർക്ക്മെനിസ്താനിലെ ദർവാസ ഗ്രാമത്തിനടുത്ത് കരാകും മരുഭൂമിയിലാണ് പേടിപ്പെടുത്തുന്ന ഈ അത്ഭുതം ഉള്ളത്. വെറും 350 പേർ മാത്രമുള്ളൊരു ഗ്രാമമാണിത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവും ഉള്ള ഭീമൻ കുഴിയിൽ തീ ആളിക്കത്തുന്ന കാഴ്ച കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു.

മരുഭൂമി ക്യാംമ്പിംഗിനായി ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ എത്തിച്ചേരുന്നവരും കുറവല്ല. കഴിഞ്ഞ 49 വർഷമായി അണയാതെ തുടരുകയാണ് 'ദർവാസ ഗ്യാസ് ക്രേറ്റർ' എന്ന് പേരുള്ള ഈ കുഴി. ഇതിനുള്ളിലെ സദാ തിളയ്ക്കുന്ന മണ്ണും ഓറഞ്ചു നിറത്തിൽ തെളിയുന്ന അഗ്നിനാളങ്ങളുമെല്ലാം വളരെ ദൂരെ നിന്ന് തന്നെ കാണാൻ കഴിയും.

1971ൽ ഇവിടെയെത്തിയ സോവിയറ്റ് എൻജിനിയർമാരാണ് ഈ പ്രദേശം ആദ്യമായി തിരിച്ചറിഞ്ഞത്. ഇവിടെ എണ്ണനിക്ഷേപം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ, എണ്ണയ്ക്ക് പകരം ഭൂമിക്കടിയിൽ നിന്നുള്ള വാതകങ്ങൾ നിലയ്ക്കാതെ പുറത്തേക്ക് പ്രവഹിക്കുന്ന ഒരു ദ്വാരമാണ് അവർ കണ്ടെത്തിയത്.

വിഷമയമായ ഈ വാതകപ്രവാഹം അടുത്തുള്ള നഗരങ്ങളിലേക്ക് ഒഴുകിപ്പടരാതിരിക്കാൻ അവർ കണ്ടെത്തിയ വഴിയായിരുന്നു കത്തിച്ചു കളയുക എന്നത്. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ ഭൂമിക്കടിയിൽ നിന്നുള്ള വാതകത്തിന്റെ പ്രവാഹം നിലയ്ക്കുന്നതോടെ തീ താനേ അണയും എന്നാണവർ കരുതിയത്. അവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഇന്നും നിലയ്ക്കാതെ ആളുകയാണ് ഈ തീ ഗോളം.

2010 ഏപ്രിലിൽ ഇവിടെയെത്തിയ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഹമദോ, ഈ ദ്വാരം അടയ്ക്കണമെന്ന് ഉത്തരവിട്ടെങ്കിലും 2013ൽ അദ്ദേഹം തന്നെ കരാകും മരുഭൂമിയുടെ ഈ ഭാഗം പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയായിരുന്നു