തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകുന്നതിന് മുൻഗണനാക്രമം കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ആഗസ്റ്രിൽ മാത്രമെ വാക്‌സിൻ വിതരണം തുടങ്ങാനാകൂ എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആരോഗ്യപ്രവർത്തകർ, പൊലീസ്, ആശാ വർക്കർമാർ അടക്കമുള്ള കൊവിഡ് പോരാട്ടത്തിൽ മുൻനിരയിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ നൽകിവരുന്നത്. മാത്രമല്ല, വാക്‌സിൻ വിതരണം ആദ്യഘട്ടത്തിലുമാണ്. ഇതുവരെ 7.94 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്.
രണ്ട് ഘട്ടങ്ങളായുള്ള വിതരണത്തിന് ശേഷമേ പൊതുജനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്തു തുടങ്ങൂ എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. ഇതോടെ ഓണത്തിന് ശേഷം മാത്രമെ പൊതുജനങ്ങൾക്ക് വാക്സിൻ നൽകിത്തുടങ്ങുകയൂള്ളൂ. പൊതുജനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നത് കനത്ത വെല്ലുവിളിയാണ്. ആരോഗ്യപ്രവർത്തകർക്കും മറ്റും വിതരണം ചെയ്യുന്നത് പോലെ എളുപ്പമല്ലിത്. അതിനാലാണ് വാക്‌സിൻ വിതരണത്തിൽ മുൻഗണനാക്രമം തയ്യാറാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ വിതരണം ചെയ്യണമെങ്കിൽ ഏതാണ്ട് രണ്ട് വർഷത്തോളം എടുത്തേക്കും. പ്രതിദിനം ഒരു ലക്ഷം പേർക്ക് വാക്‌സിൻ വിതരണം ചെയ്താലേ ഈ ലക്ഷ്യം കൈവരിക്കാനാകൂ. കൊവിഡ് വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ് ഈ ആരോഗ്യവകുപ്പിന്റെ ഈ നിഗമനത്തിലെത്തിയത്. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നത് ഫെബ്രുവരി മൂന്നാംവാരത്തോടെ പൂർത്തിയാകും. അതിന് ശേഷം കൊവിഡ് പോരാട്ടത്തിലെ മറ്റ് മുന്നണി പോരാളികൾക്കും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമായിരിക്കും വാക്സിൻ നൽകുക. തുടർന്ന് 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകും. പ്രമേഹം, ശ്വാസകോശ രോഗങ്ങൾ അടക്കമുള്ള രോഗങ്ങൾ ഉള്ള 50 വയസിന് താഴെയുള്ള വാക്‌സിൻ നൽകുന്നതിന് ഇതിന് ശേഷമായിരിക്കും.
ടി.പി.ആർ ഉയർന്നുതന്നെ
അതേസമയം, സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്കായ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 11.08 ആണ് കേരളത്തിലെ ടി.പി.ആർ. ദേശീയ ശരാശരിയാകട്ടെ 2.5 ശതമാനമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 45 ശതമാനവും കേരളത്തിലാണ്. രണ്ടാഴ്ചയ്ക്കിടെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 16 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ 68,617 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 51,887 രോഗികളുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ 7000 വരെ ആകുന്നുണ്ട്. സമ്പർക്ക വ്യാപനം കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണം കൂടുതുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.