palakkadu

നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് പുതിയകാലത്തിന്റെ മുദ്രാവാക്യം. ലോകം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പ്രതിരോധം തീർക്കുമ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായത് കേരള മാതൃകയായിരുന്നു. ലോകജനത കൊവിഡാനന്തര ജീവിതത്തിലേക്ക് ചുവടു വയ്ക്കുമ്പോഴും കേരളം ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുകയാണ്. കൊവിഡ് കാലത്തും കേരളത്തിലെ കാർഷിക മേഖല കൈവരിച്ച നേട്ടമാണ് ചർച്ചയാകുന്നത്.
കൃഷി എന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്ന ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു, അതിന്റെ മാറ്റങ്ങളും പ്രകടമാണ്. ലഭ്യമായ സ്ഥലത്ത് ലഭ്യമായ സാമഗ്രികൾ ഉപയോഗപ്പെടുത്തി നമുക്ക് കൃഷി തുടരാം. അങ്ങനെ അരോഗദൃഢഗാത്രരാകട്ടെ മലയാളികൾ. വിഷരഹിതമാകട്ടെ മണ്ണും മനസുമെന്നും പ്രത്യാശിക്കാം.

ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബഡ്ജറ്റ് അവതരണത്തിനിടെയാണ് കേരളത്തിലെ നെൽകൃഷിയുടെ തോത് വർദ്ധിച്ചതായി വ്യക്തമാക്കിയത്. അതിൽ പാലക്കാടിന്റെ പങ്ക് ചെറുതല്ല. സംസ്ഥാനത്ത് 1.70 ലക്ഷം ഹെക്ടർ നെൽവയലുണ്ടായിരുന്നത് 2.23 ലക്ഷം ഹെക്ടറായി വർദ്ധിച്ചപ്പോൾ പാലക്കാട്ടെ തരിശുഭൂമിയിലെ കൃഷിയും അതിന് കരുത്തുപകർന്നിരുന്നു. പാലക്കാട് മാത്രം 600 ഹെക്ടർ നെൽകൃഷിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർദ്ധിച്ചത്. അതിൽ 50 ഹെക്ടറോളം അഞ്ചു വർഷത്തിലേറെ തരിശായി കിടന്ന ഭൂമിയിലാണ് വിളവിറക്കിയത് എന്നതും ശ്രദ്ധേയം. ഒരു വർഷത്തിന് മുമ്പ് 71.502 ഹെക്ടർ സ്ഥലത്താണ് പാലക്കാട്ട് നെൽകൃഷി ചെയ്തത്. കൊവിഡിലും ലോക്ഡൗണിലും കടന്നുപോയ കഴിഞ്ഞ വർഷത്തിൽ ആ കൃഷി 72100 ഹെക്ടറായി ഉയർന്നതായാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. സംസ്ഥാനത്താകെ 2.23 ലക്ഷം ഹെക്ടർ നെൽകൃഷി ചെയ്യുമ്പോൾ അതിൽ 72170 ഹെക്ടറും പാലക്കാട്ടാണ്.

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയാണ് കൃഷി വർദ്ധനയ്ക്ക് കാരണമായത്. പദ്ധതിയിൽ തരിശുഭൂമി കൃഷിയിടമാക്കുന്നതിന് 40,​000 രൂപ സബ്സിഡിയാണ് സർക്കാർ അനുവദിച്ചിരുന്നത്. ഇതോടെ ലോക്ഡൗണിൽ വീട്ടിൽ അടച്ചിരുന്നവരെല്ലാം കാടുവെട്ടിത്തെളിച്ച് കൃഷിക്കിറങ്ങുകയായിരുന്നു.

സുഭിക്ഷകേരളത്തിന് പുറമേ മില്ലറ്റ് പദ്ധതികളും ഊർജിതമായി തുടരുന്നുണ്ട്. അട്ടപ്പാടി മേഖലയിൽ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും തനത് ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി 2017 ൽ ആരംഭിച്ച മില്ലറ്റ് പദ്ധതിയിലൂടെ ഇതുവരെ 1963 ടൺ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിച്ചു.

ജില്ലയിലെ നെല്ലുത്പാദനം 16,07450 ലക്ഷം ടൺ

ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൃഷിവകുപ്പ് മുഖേന നടപ്പാക്കിയത് 270.84 കോടിയുടെ വികസനമെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ നെൽകൃഷിക്ക് മാത്രമായി 112.50 കോടിയാണ് ചെലവിട്ടത്. സർക്കാരിന്റെ ഈ ഇടപെടൽ കാർഷികമേഖലയ്ക്ക് പൊതുവിലും നൽകൃഷിക്ക് പ്രത്യേകിച്ചു ഉണർവ് പകർന്നിട്ടുണ്ട്. ഈ കാലയളവിൽ നെല്ലറയിൽ ഉത്പാദിപ്പിച്ചത് 16,07450 ലക്ഷം ടൺ നെല്ലാണ്. അതുവഴി ജില്ലയിലെ 92936 കർഷകർക്ക് സാമ്പത്തികമായ നേട്ടവും ലഭിച്ചുവെന്നത് ആശ്വാസമാണ്.

നെൽകൃഷി വികസന പദ്ധതിയിലൂടെ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിച്ച് ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനായി ഒരു ഹെക്ടറിന് 5,500 രൂപയാണ് ധനസഹായം നൽകുന്നത്. വർഷംതോറും ഏകദേശം 8,000 ഹെക്ടറിൽ ഗ്രൂപ്പ് ഫാമിംഗ് നടപ്പാക്കുന്നുണ്ട്. ഇതുകൂടാതെ 647.64 ഹെക്ടറിൽ കരനെൽകൃഷിയും വിജയകരമായി മുന്നോട്ട് പോകുന്നുവെന്നും വലിയ പ്രതീക്ഷ നൽകുന്നതാണ്.


പച്ചക്കറിക്കായി തമിഴ്നാടിനെ ആശ്രയിക്കണം

പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി ആവശ്യമുണ്ട് . തീൻമേശയിലെത്തുന്നത് വിഷമാണോ സുരക്ഷിതഭക്ഷണമാണോ എന്ന് ഉറപ്പാക്കേണ്ടത് നമ്മൾ തന്നെയാണ്. 2017 ​- 18 സാമ്പത്തികവർഷം 69,047 ഹെക്ടറിൽ നിന്ന് 10 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ് സംസ്ഥാനം ഉത്പാദിപ്പിച്ചത്. 2018 -19ലെത്തിയപ്പോൾ 82,166 ഹെക്ടറിൽ നിന്ന് 12.12 ലക്ഷം മെട്രിക് ടൺ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ നമുക്ക് സാധിച്ചു. പ്രതിവർഷം 20 ലക്ഷം മെട്രിക് ടൺ പച്ചക്കറി നമുക്കാവശ്യമുണ്ട്. ഇതിൽത്തന്നെ 40 ശതമാനം പച്ചക്കറികൾ സംസ്ഥാനത്തിന് പുറത്തുനിന്നാണ് വരുന്നത്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചാൽ മാത്രമേ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഈ തിരിച്ചറിവാണ് ഈ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്.

സമഗ്ര പച്ചക്കറി വികസന പദ്ധതിയിലൂടെ 24.24 കോടി രൂപ വിനിയോഗിച്ച് ജില്ലയിൽ മാത്രം 5152 ഹെക്ടറിൽ പച്ചക്കറി കൃഷി വികസനം, 242.58 ഹെക്ടർ പച്ചക്കറി തരിശുകൃഷി വികസനം എന്നിവ നടപ്പാക്കി കഴിഞ്ഞു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഇക്കോഷോപ്പുകൾ ആരംഭിക്കുന്നതിനും ഉൾപ്പെടെ 2.01കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നാടൻ ഇനങ്ങൾ കൂടുതലായി കൃഷി ചെയ്യേണ്ടത് അനിവാര്യമാണ്. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യമാണല്ലോ നല്ലഭക്ഷണം വഴി ഉയർന്ന രോഗ പ്രതിരോധശേഷിയും ആരോഗ്യവും കൈവരിക്കാൻ നമുക്കുകഴിയും. ഇന്ന് ലോകത്താകെ ഹോർട്ടിതെറാപ്പി എന്ന ഒരു പുതിയ ആരോഗ്യശാസ്ത്രശാഖ വളർന്നുവരുന്നുണ്ട്. പ്രധാനമായും ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയിലാണ് ഹോർട്ടിതെറാപ്പി ഉപയോഗിക്കുന്നത്. ശരീരത്തിനും മനസിനും അതുവഴി ജീവിതത്തിനും ആരോഗ്യവും ഉന്മേഷവും പകർന്നുനൽകുക എന്നതാണ് ഹോർട്ടിതെറാപ്പിയുടെ തത്ത്വം. ഈ ദിശയിലാണ് കൃഷിവകുപ്പും പദ്ധതികൾ തയ്യാറാക്കുന്നത്.

നാളികേര കർഷകർക്ക് താങ്ങായി കേരഗ്രാമം

കേരഗ്രാമം പദ്ധതിയിലൂടെ 15.47കോടി രൂപ ചെലവഴിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ 7000 ഹെക്ടറിൽ സമഗ്ര നാളികേരകൃഷി വികസനം സാദ്ധ്യമാക്കുകയാണ് കൃഷിവകുപ്പ്. സുഗന്ധ വിള വികസന പദ്ധതി പ്രകാരം 1.36കോടി രൂപ ചെലവഴിച്ച് 2356 ഹെക്ടറിൽ കുരുമുളക് കൃഷി, 310.5 ഹെക്ടർ ഇഞ്ചി കൃഷി, 40 ഹെക്ടർ ജാതി കൃഷി എന്നിവയും ജില്ലയിൽ നടപ്പാക്കി വരുന്നുണ്ട്.

ഓറഞ്ചിൽ നേട്ടമുണ്ടാക്കി നെല്ലിയാമ്പതി

ജില്ലയിൽ നാല് സ്‌പെഷ്യൽ ഫാമുകൾ, അഞ്ച് വിത്തുല്പാദനകേന്ദ്രങ്ങൾ എന്നിവ മുഖേനയാണ് കർഷകർക്ക് ആവശ്യമായ നെൽവിത്ത്, മറ്റ് നടീൽ വസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നത്. നെല്ലിയാമ്പതി, മലമ്പുഴ, എരുത്തേമ്പതി ഫാമുകളിൽ സംയോജിതകൃഷി നടപ്പിലാക്കി എക്‌സോട്ടിക് ഫല വർഗങ്ങളുടെ തോട്ടങ്ങൾ ഉണ്ടാക്കിയത് കാർഷിക മേഖലയിലെ ശ്രദ്ധേയമായ നേട്ടമാണ്. നെല്ലിയാമ്പതിയിൽ 25 ഹെക്ടർ സ്ഥലത്ത് 2016 - 17 കാലഘട്ടത്തിലാണ് ഓറഞ്ച് കൃഷി ആരംഭിച്ചത്. ആദ്യ വിളവെടുപ്പിൽ 517 കിലോഗ്രാം ഓറഞ്ച് ലഭിച്ചു. കൂടാതെ ഗുണ നിയന്ത്രണ ലാബുകളുടെ വികസനം, കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ, വിള ആരോഗ്യ പരിപാലന പദ്ധതി, മണ്ണ് പരിപോഷണം, പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസനം എന്നിവയ്ക്കും തുക ചെലവഴിച്ചിട്ടുണ്ട്.