കുടുംബചിത്രങ്ങളുടെ പ്രിയസംവിധായകൻ ബാലചന്ദ്രമേനോൻ ആശയവും തിരക്കഥയും സംവിധാനവും നിർവഹിച്ച കുടുംബങ്ങളുടെ കൂട്ടുചേരൽ വേദിയായ റോസസ് ദ ഫാമിലി ക്ളബ് 30വർഷത്തെ സ്നേഹനിറവിലാണ്
സ്നേഹത്താൽ വിടർന്നുനിൽക്കുന്ന ഒരു കൂട്ടം കുടുംബങ്ങൾ, കൂടുമ്പോൾ ഭംഗിയുള്ളത് എന്ന അർത്ഥത്തിൽ സന്തോഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കാനുള്ള ഒരിടം, 'റോസസ് ദ ഫാമിലി ക്ളബ്" എന്ന കൂട്ടായ്മ തിരുവനന്തപുരത്ത് മൊട്ടിട്ട് കേരളത്തിലെങ്ങും സ്നേഹസുഗന്ധം പ്രസരിപ്പിക്കുകയാണ്. കുടുംബങ്ങളുടെ ജീവിതമധുര കഥകൾ മലയാളികളുടെ മനസിൽ വാരിവിതറിയ സാക്ഷാൽ ബാലചന്ദ്രമേനോന്റെ തിരക്കഥയിലും സംവിധാനത്തിലുമാണ് ഈ പനിനീർപ്പൂവുകൾ വിടർന്നുല്ലസിച്ച് വ്യത്യസ്തമാകുന്നത്. മൂന്നുപതിറ്റാണ്ടായി വാടാതെ, ഓരോ ദിവസവും ഉണർവിന്റെ ചെറുദളങ്ങളായി പരസ്പര ബന്ധങ്ങളുടെ പച്ചപ്പ് അതേ പടി നിലനിറുത്തുന്നുണ്ട് ഈ കുടുംബങ്ങളെല്ലാം.
''റോസസ് ക്ളബ് തുടങ്ങുന്നതിന് വ്യക്തമായ ഒരു കാരണമുണ്ട്. ഞാനും ഭാര്യ വരദയും തിരുവനന്തപുരത്ത് താമസിക്കുന്ന കാലം. ഒരു ദിവസം രാത്രി എന്റെ കുഞ്ഞുമകൾ ഭാവന ഉണർന്ന് കരയാൻ തുടങ്ങി. കുഞ്ഞിന് ആകെ അസ്വസ്ഥത. മൂന്നുവയസാണ് പ്രായം. വയറുവേദനയോ മറ്റോ ആയിരുന്നു. ഞങ്ങൾ ആകെ വിഷമിച്ചു പോയി. വരദയാണ് പറഞ്ഞത്, പരിചയമുള്ള ഏതെങ്കിലും പീഡിയാട്രീഷ്യനെ വിളിക്കാൻ. അന്നേരമാണ് ആ സത്യം മനസിലായത്. എനിക്ക് സിനിമാബന്ധങ്ങളേയുള്ളൂ, അതല്ലാതെ സിനിമയ്ക്ക് പുറത്ത് മറ്റാരെയും അറിയില്ലെന്ന്. വല്ലാത്ത തിരിച്ചറിവ് തോന്നിയ നിമിഷമാണ്. ആ ഒരു നിമിഷത്തിൽ നിന്നാണ് കുടുംബങ്ങൾ തമ്മിലുള്ള ഒരു കൂട്ടായ്മ എന്ന ചിന്തയിലേക്ക് ഞാൻ എത്തിച്ചേർന്നത്. എനിക്കും സമൂഹത്തിന്റെ ഭാഗമാകണം, അതിനായി ഒരു പ്ളാറ്റ് ഫോം വേണം, അതായിരുന്നു റോസസ് ക്ളബിന്റെ തുടക്കം."" മലയാളികൾക്കെല്ലാം സുപരിചിതമായ, സ്വതസിദ്ധമായ ശൈലിയിൽ ബാലചന്ദ്രമേനോൻ സംസാരിച്ചു തുടങ്ങി.
ഒരു ഏപ്രിൽ മാസത്തിലായിരുന്നു തലസ്ഥാനനഗരിയിലെ ടാഗോർ ഹാളിൽ റോസസ് ക്ളബിന് തുടക്കമിട്ടത്. അന്നുമുതൽ ഇന്നോളമുള്ള സ്നേഹനിമിഷങ്ങളുടെ ആയിരം നുറുങ്ങുകൾ മേനോൻ ഇന്നും മാധുര്യത്തോടെ സൂക്ഷിക്കുന്നു. പ്രകാശിക്കുന്ന ആ ഓർമ്മകളാണ് ക്ളബിന്റെ ഏറ്റവും വിലപിടിച്ച സമ്പാദ്യമെന്നും അദ്ദേഹം വിലയിരുത്തുന്നു. എന്തുകൊണ്ട് റോസസ് എന്ന പേര് ക്ളബിനിട്ടു, ഈ യാത്രയിൽ ബാലചന്ദ്രമേനോൻ ഏറ്റവും കൂടുതൽ കേട്ട ചോദ്യം അതാണ്. ആ ചോദ്യത്തിന് മേനോന്റെ ഉത്തരം ഏറെ ലളിതമാണ്. ''എല്ലാ മനുഷ്യരും റോസാപ്പൂക്കളാണ്. അതിന്റെ ഭംഗി കണ്ട് അതിനെ ചേർത്തുവയ്ക്കാൻ നോക്കുമ്പോൾ ഒരു കാര്യം കൂടി നമ്മൾ ഓർക്കണം. സുന്ദരമാണെങ്കിലും അതിനെ സമീപിക്കുമ്പോൾ നല്ല ശ്രദ്ധയും ജാഗ്രതയും വേണം. സ്നേഹം കാണിക്കാൻ അമർത്തിപ്പിടിച്ചാൽ പൂവിന്റെ ഭംഗിയുള്ള ഇതളുകൾക്കിടയിലുള്ള മുള്ളുകൾ കൊണ്ട് നിങ്ങൾക്ക് വേദനിക്കേണ്ടി വരും. മനുഷ്യരായാലും ചെടികളായാലും മൃഗങ്ങളായാലും അവയെ സമീപിക്കുന്നതിൽ ഒരു കരുതൽ വേണം. കുടുംബം നന്നായാൽ നാടും നന്നാകും. കുടുംബം നന്നാകാതെ നാടു നന്നാകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല, അതിൽ താത്പര്യവുമില്ല.""
കേരളത്തിൽ എല്ലാവർക്കും കൂട്ടായ്മയുണ്ടെങ്കിലും കുടുംബത്തിനു വേണ്ടി അങ്ങനെ ഒരു ചുവടുവയ്പ്പില്ല എന്നത് കുടുംബസിനിമകളുടെ സ്വന്തം സംവിധായകന്റെ മനസിൽ നേരത്തെ ഉയർന്ന ചോദ്യമായിരുന്നു. പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യർക്കുമെല്ലാമായി പലപല സംഘടനകൾ, പക്ഷേ, കുടുംബങ്ങൾക്ക് വേണ്ടി മാത്രം ശബ്ദിക്കാൻ വക്താക്കളില്ല. ഇത് എന്തുകൊണ്ടാണ്? അങ്ങനെ ഒരു തോന്നൽ കൂടി പരസ്പരം തണലുകളായി നിൽക്കുന്ന കൂട്ടായ്മയ്ക്ക് ഊർജമേകി. ''നാൽപ്പതുവർഷം കഴിഞ്ഞ എന്റെ സിനിമാസംവിധാന ജീവിതത്തിൽ ഭൂരിഭാഗം സിനിമകളും കുടുംബങ്ങൾക്ക് വേണ്ടിയാണ്. കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഒരു ഒത്തുചേരൽ വേദി കഴിഞ്ഞ മുപ്പതുവർഷമായി മുന്നോട്ടു കൊണ്ടു പോകുന്നു എന്നതിൽ കവിഞ്ഞ സന്തോഷമൊന്നും എനിക്കിപ്പോഴില്ല."" ബാലചന്ദ്രമേനോൻ നയം വ്യക്തമാക്കുന്നു.
റോസസ് ക്ളബിന്റെ മൂന്നുപതിറ്റാണ്ട് നീണ്ട യാത്രയിൽ കൗതുകമുള്ള, നിറപ്പകിട്ടുള്ള നിമിഷങ്ങൾ അദ്ദേഹത്തിന്റെ മനസിൽ ഇപ്പോഴും പച്ച പിടിച്ചിരിപ്പുണ്ട്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ പങ്കെടുത്ത ക്ളബ് വാർഷികം. ഭാര്യ ശാരദ ടീച്ചറോടൊപ്പമായിരുന്നു നായനാർ സഖാവിന്റെ വരവ്. വന്നപാടേ അദ്ദേഹം ചോദിച്ചു, എങ്ങനെയാണ് ഉദ്ഘാടനം? സി.എം ഒരു റോസാപ്പൂ ടീച്ചർക്ക് നൽകിയാണ് വാർഷികം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോൾ ഒരൊറ്റനിമിഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായ അത്ഭുതം ഇപ്പോഴും അതേ പോലെ മനസിലുണ്ട്. അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ചൊരു ചോദ്യം ചോദിച്ചു, നിങ്ങളെന്താടോ ഈ പറയുന്നത്, ഞാൻ ശാരദ ടീച്ചർക്ക് ഇവിടെ വച്ച് പൂ കൊടുക്കണമെന്നോ. ഞാനെന്താടോ പ്രേംനസീറാ..."" മറുപടി ഇതായിരുന്നെങ്കിലും അടുത്ത നിമിഷത്തിൽ നായനാർ സഖാവ് ശാരദ ടീച്ചർക്ക് നിറചിരിയോടെ പൂ സമ്മാനിച്ചു. അതു ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയ ടീച്ചറുടെ മുഖത്തും നിറചിരിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും ഉണ്ടാകാനിടയില്ലാത്ത ആ നിമിഷം പകർത്തിയ ഫോട്ടോയെടുത്ത് പിറ്റേന്ന് തന്നെ ലാമിനേറ്റ് ചെയ്ത് ടീച്ചറെ ഏൽപ്പിച്ചു. പിന്നീട് ശാരദടീച്ചറെ കാണുമ്പോഴെല്ലാം ആ ഓർമ്മകൾ പങ്കുവയ്ക്കുമായിരുന്നു. നായനാർ സഖാവിന്റെ വിയോഗത്തിനുശേഷം ശാരദടീച്ചറെ വിളിച്ചപ്പോഴാണ് അന്ന് നൽകിയ ആ ഫോട്ടോ കിടക്കയുടെ തൊട്ടടുത്ത് വച്ചായിരുന്നു അവസാന നാളുകൾ വരെ അദ്ദേഹം ഉറങ്ങിയിരുന്നതെന്ന കാര്യം ടീച്ചർ പങ്കുവച്ചത്. അത്ര പ്രാധാന്യമുണ്ടായിരുന്നു അന്ന് തങ്ങൾ എടുത്തു നൽകിയ ചിത്രത്തിനെന്നറിഞ്ഞത് വല്ലാത്തൊരു നിറവായി ഇപ്പോഴും ബാലചന്ദ്രമേനോന്റെ മനസിലുണ്ട്. ഒരു വലിയ മനുഷ്യന്റെ ജീവിതത്തിൽ ഒരു ചെറിയ റോസാപ്പൂ കൊണ്ടുണ്ടായ സന്തോഷം ഈ ക്ളബിന്റെ തിളക്കമുള്ള ഓർമ്മയാണ്.
യേശുദാസും ഭാര്യ പ്രഭയും മറ്റൊരിക്കൽ ക്ലബ് കൂട്ടായ്മയിലെത്തിയതും മറക്കാത്ത ഓർമ്മയാണ്. എന്തിനാണ് മോനേ ക്ളബ് എന്ന് ഒരു കുടുംബകൂട്ടായ്മയ്ക്ക് പേരിട്ടതെന്നായിരുന്നു ദാസേട്ടന്റെ ആദ്യ ചോദ്യം. ഇങ്ങനെ നല്ലൊരിടത്തിന് അങ്ങനെ ഒരു പേരു വേണോ എന്നായിരുന്നു സംശയമെങ്കിലും പരിപാടികളിൽ പങ്കെടുത്ത് ദാസേട്ടനും പ്രഭ ചേച്ചിയും നല്ല വാക്കുകൾ പങ്കിട്ട് സന്തോഷത്തോടെയാണ് മടങ്ങിയത്. ആദ്യകൂട്ടായ്മയിൽ തിക്കുറിശ്ശിയായിരുന്നു മുഖ്യാതിഥിയായി ആശംസകൾ നേർന്നത്. തിരുവനന്തപുരത്താണ് ക്ളബിന്റെ തുടക്കമെങ്കിലും പിന്നീട് വടക്കാഞ്ചേരി, കൊല്ലം, എറണാകുളം, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ഇപ്പോൾ റോസസ് ക്ളബ് ചാപ്റ്ററുകൾ പ്രവർത്തിക്കുന്നത്. ഓരോ ചാപ്റ്ററിലും 25-30 കുടുംബങ്ങളുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിൽ ക്ലബ് തുടങ്ങാനിരിക്കുമ്പോഴാണ് കൊവിഡിന്റെ കടന്നു വരവ്.
ഈ ക്ളബിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കലും ആഗ്രഹം തോന്നി അംഗത്വമെടുക്കാൻ കഴിയില്ല എന്നതാണ്. ക്ളബിന്റെ പ്രവർത്തകർ ക്ഷണിക്കുമ്പോൾ മാത്രമാണ് ഒരു കുടുംബത്തിന് ഈ കൂട്ടായ്മയിൽ പങ്കാളികളാകാൻ കഴിയുള്ളൂ. മാസത്തിൽ ഒരുതവണ എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലത്ത് തമ്മിൽ കാണും. പരസ്പരം സംസാരിക്കുകയും ചർച്ചകൾ നടത്തി, കലാപരിപാടികളും മറ്റു അവതരിപ്പിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയുകയും ചെയ്യും. ജാതിചിന്തകൾക്കും രാഷ്ട്രീയ വേർതിരിവുകൾക്കും ഇവിടെ പ്രസക്തിയില്ല. ബാങ്ക് അക്കൗണ്ടും പണപ്പിരിവും ക്ളബിനില്ല. എല്ലാ അംഗങ്ങളും അവരവരുടെ ഭക്ഷണത്തിന്റെ കൂപ്പൺ വാങ്ങിയാണ് ഒന്നിച്ചു ചേരുന്നത്. കളിയും തമാശകളും പാട്ടും മേളവുമുള്ള സ്നേഹസായാഹ്നമെന്ന അനുഭവമാണ് ഇവിടെ എത്തുന്ന ഓരോരുത്തർക്കും. ഒരേ ഒരു കർശനനിയമം മാത്രമാണുള്ളത്. കുടുംബമായിട്ടേ വരാവൂ. റോസസ് ക്ളബിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നത് കുടുംബങ്ങൾക്ക് വേണ്ടി മാത്രമാണ്. കഴിഞ്ഞ തവണ എറണാകുളത്ത് നടന്ന കുടുംബസംഗമത്തിൽ ബാലചന്ദ്രമേനോന്റെ മകൾ ഭാവനയും നാലുവയസുകാരി കൊച്ചുമകൾ തന്മയയും പങ്കെടുത്തിരുന്നു. പേരക്കുട്ടി വേദിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എല്ലാവരും കേൾക്കേ പറഞ്ഞു, '' ആ നിൽക്കുന്ന എന്റെ കൊച്ചുമോളുടെ അമ്മയുടെ കരച്ചിലിൽ നിന്നും മൊട്ടിട്ട പനിനീർ പൂവാണിത്, മുപ്പതുവർഷം കഴിയുമ്പോഴും ആ സന്തോഷപ്രസരിപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. ഓരോ കുടുംബത്തിനും കൂട്ടായി 25 ഓളം മറ്റു കുടുംബങ്ങളുടെ സ്നേഹം കൂടി ഉണ്ടാകുമ്പോൾ മറ്റെന്തു ഭയക്കാനാണ്, ദാറ്റ്സ് ആൾ യുവർ ഓണർ.""