വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റെടുത്തപ്പോൾ കരുത്തായി ഒപ്പം തന്നെ ഭാര്യ ജിൽ ട്രേസി ബൈഡനുമുണ്ട്. ആദ്യ ഭാര്യ നെയ്ലിയ ഹണ്ടറും മകൾ നവോമിയും അപകടത്തിൽ മരിച്ചതിന്റെ ദുഃഖത്തിൽ കഴിയുമ്പോഴാണ് ബൈഡൻ ജില്ലിനെ പരിചയപ്പെടുന്നത്. ആ സമയതത് ആദ്യ ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞുകഴിയുകയായിരുന്നു ജിൽ. 1977ജൂൺ 17ന് ഇരുവരും വിവാഹിതരായി. 1981ൽ ഇരുവർക്കും ആഷ്ലി എന്ന മകൾ ജനിച്ചു.
അദ്ധ്യാപനമേ ജീവിതം
ഇംഗ്ലീഷ് പ്രഫസറായ ജിൽ അദ്ധ്യാപകവൃത്തിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. സെക്കൻഡ് ലേഡിയായിരുന്ന സമയത്ത് ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനായി അവർ പ്രവർത്തിച്ചു. അക്കാലയളവിൽ നാൽപതോളം രാജ്യങ്ങൾ സന്ദർശിച്ച് അവിടത്തെ മിലിട്ടറി ബേസുകൾ, ആശുപത്രികൾ, അഭയാർത്ഥി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തി സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ, സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിച്ചിരുന്നു ജിൽ.
കാൻസർ ബോധവത്കരണം
അർബുദരോഗത്തെ കണ്ടെത്തേണ്ടതിന്റേയും ചികിത്സിക്കേണ്ടതിന്റേയും പ്രധാന്യം നേരത്തെ മനസിലാക്കിയ ജിൽ ഇതിന്റെ ഭാഗമായി 1993ൽ അർബുദ പ്രതിരോധത്തിനായുള്ള പദ്ധതികൾക്ക് തുടക്കമിട്ടു. തുടർന്ന് ഡെലവയറിലെ ഹൈസ്കൂളിലെ പെൺകുട്ടികളെ അർബുദം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാൻ ബൈഡൻ ബ്രസ്റ്റ് ഹെൽത്ത് ഇനിഷ്യേറ്റീവ് ആരംഭിച്ചു. 2015ൽ ബൈഡന്റെ മകൻ ബ്യൂ മസ്തിഷ്കാർബുദം ബാധിച്ച് മരിച്ചതോടെ അർബുദം നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി ജിൽ വൈറ്റ് ഹൗസ് കാൻസർ മൂൺഷോട്ട് ആരംഭിച്ചു.
പുസ്തകങ്ങൾ
ജിൽ എഴുതി 2019ൽ പ്രസിദ്ധീകരിച്ച 'വേർ ദ ലൈറ്റ് എന്റേഴ്സ്: ബിൽഡിംഗ് എ ഫാമിലി, ഡിസ്കവറിംഗ് മൈസെൽഫ്' എന്ന പുസ്തകം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. രണ്ടാമത്തെ പുസ്തകമായ ജോയ്; ദ സ്റ്റോറി ഒഫ് ജോ ബൈഡൻ 2020ൽ പ്രസിദ്ധീകരിച്ചു.