indian-cricket

മുംബയ് : ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ നാട്ടിൽ മടങ്ങിയെത്തി. നായകൻ അജിങ്ക്യ രഹാനെ,രോഹിത് ശർമ്മ,ശാർദ്ദൂൽ താക്കൂർ,കോച്ച് രവി ശാസ്ത്രി തുടങ്ങിയവർ ഇന്നലെ പുലർച്ചയോടെയാണ് മുംബയ് വിമാനത്താവളത്തിലെത്തിയത്. റിഷഭ് പന്ത്,പൃഥ്വി ഷാ തുടങ്ങിയവർ ഡൽഹിയിലും സിറാജ് ഹൈദരാബാദിലും വിമാനമിറങ്ങി.

മുംബയ് വിമാനത്താവളത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സ്വീകരണമാണ് അജിങ്ക്യയ്ക്കും സംഘത്തിനും നൽകിയത്. ദാദറിലെ തന്റെ അപ്പാർട്ട്മെന്റിലെത്തിയപ്പോൾ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചുവന്ന പരവതാനി വിരിച്ച് വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ വലിയ വരവേൽപ്പുതന്നെ രഹാനെയെ കാത്തിരിക്കുന്നുണ്ടായിരുന്നു.

സിറാജ് വിമാനത്താവളത്തിൽ നിന്ന് നേരേ തന്റെ പിതാവിന്റെ കബറിടത്തിലേക്കാണ് പോയത്. സിറാജ് ആസ്ട്രേലിയയിൽ എത്തിയ ശേഷമാണ് കഴിഞ്ഞ നവംബർ 20ന് പിതാവ് മുഹമ്മദ് ഗൗസ് മരണപ്പെടുന്നത്. ആട്ടോഡ്രൈവറായിരുന്ന ഗൗസിന്റെ വലിയ ആഗ്രഹമായിരുന്നു മകൻ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്നത്. അതിനാൽ സങ്കടമടക്കി ടീമിനൊപ്പം തുടരുകയായിരുന്നു സിറാജ്. അവസാന ടെസ്റ്റിലെ അഞ്ചുവിക്കറ്റ് നേട്ടമടക്കം പരമ്പരയിലെ ഇന്ത്യൻ ടോപ് വിക്കറ്റ് ടേക്കറായാണ് സിറാജ് മടങ്ങിയെത്തിയത്. കബറിടത്തിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് സിറാജ് വീട്ടിലേക്ക് പോയത്.

ബാംഗ്ളൂർ വഴി സേലത്തെ വീട്ടിലെത്തിയ ടി.നടരാജൻ തന്റെ കുഞ്ഞിനെ ആദ്യമായി കണ്ടു.നടരാജൻ ഐ.പി.എല്ലിനായി യു.എ.ഇയിലായിരിക്കവേയാണ് ഭാര്യ പ്രസവിച്ചത്. യു.എ.ഇയിൽ നിന്ന് നെറ്റ്സ് പ്രാക്ടീസിനുള്ള ബൗളറായി നേരിട്ട് ആസ്ട്രേലിയയിലേക്ക് പോയ നടരാജൻ അവിടെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം കാഴ്ചവച്ചാണ് മടങ്ങിയെത്തിയിരിക്കുന്നത്.

ആസ്ട്രേലിയയിലെയും ഇന്ത്യയിലെയും വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധനയിൽ നെഗറ്റീവായ ഇന്ത്യൻ താരങ്ങൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ചട്ടങ്ങളിൽ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. കുറച്ചുദിവസം കുടുംബത്തോടൊപ്പം ചെലവിട്ട ശേഷം ഈ മാസം 27ന് ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബയോ ബബിളിൽ കയറാനായി ചെന്നൈയിലെത്തും.

സിഡ്നിയിൽ വച്ച് കാണികളിൽ നിന്ന് വംശീയ അധിക്ഷേപമുണ്ടായപ്പോൾ വേണമെങ്കിൽ മത്സരം നിറുത്തി മടങ്ങാമെന്ന് ഓൺഫീൽഡ് അമ്പയർമാർ ഞങ്ങളോട് പറഞ്ഞതാണ്. എന്നാൽ നമ്മൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെറിവിളി കേട്ട് കളി ഉപേക്ഷിക്കേണ്ടകാര്യമില്ലെന്നും രഹാനെ ഭായ് നിലപാടെടുക്കുകയായിരുന്നു.

- മുഹമ്മദ് സിറാജ്