biden

വാഷിം​ഗ്ടൺ: അമേരിക്കൻ ജനതയ്ക്ക് ഉണർവ് നൽകിക്കൊണ്ട് സ്ഥാനമേറ്റയുടൻ 15 പുതിയ ഉത്തരവുകൾ നടപ്പിലാക്കി പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന ഉത്തരവുകളാണിവ. ലോകാരോഗ്യ സംഘടനയിൽ രാജ്യം തിരികെ പ്രവേശിക്കുന്നതാണ് അവയിൽ പ്രധാനം. മെക്​സിക്കൻ അതിർത്തിയിലെ മതിൽനിർമാണം അടിയന്തരമായി നിറുത്തിവയ്ക്കാനും ബൈഡൻ നിർദ്ദേശിച്ചു. കുടിയേറ്റം തടയാനെന്ന പേരിലായിരുന്നു ട്രംപ് വ്യാപക വിമർശനത്തിനിടയാക്കിയ മതിൽ നിർമാണം ആരംഭിച്ചത്. ഇത് മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. അതേസമയം,മതിൽ നിർമാണം നിറുത്തിവെക്കാനുള്ള ഉത്തരവ്​ മെക്​​സിക്കോ സ്വാഗതം ചെയ്തു.

ഇത് കൂടാതെ, ഇറാൻ, ലിബിയ, സൊമാലിയ, ഇറാഖ്​, സുഡാൻ, സിറിയ, യമൻ എന്നീ മുസ്​ലിം രാജ്യങ്ങളിൽ നിന്ന്​ അമേരിക്കയിലേക്കുള്ള​ യാത്ര വിലക്കി 2017ൽ നടപ്പാക്കിയ നിയമനിർമ്മാണവും ബൈഡൻ നീക്കി​.

​അമേരിക്കയിലെ മുസ്​ലിം സമൂഹത്തിന്​ ആശ്വാസം പകരുന്ന തീരുമാനമാണിത്. ഈ രാജ്യങ്ങളിൽനിന്ന്​ യാത്ര പുനഃരാരംഭിക്കാൻ വിസ നടപടികൾക്ക്​ തുടക്കം കുറിക്കാനും നിർദ്ദേശം നൽകി. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർ‌ബന്ധമാക്കുക, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളിലും ബൈഡൻ ഒപ്പിട്ടിട്ടുണ്ട്. വിസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും.

 പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ബൈഡന്

അധികാരമേറ്റതോടെ പ്രസിഡന്റുമാരുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS (പ്രസിഡന്റ് ഒഫ്​ ദ യുണൈറ്റഡ്​ സ്​റ്റേറ്റ്​സ്​) ഇനി ബൈഡന് സ്വന്തം. 33.5 മില്യൺ വരുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോളോവേഴ്സിനെ മുഴുവനും നീക്കം ചെയ്​താണ് ബൈഡന് ട്വിറ്റർ അധികൃതർ അക്കൗണ്ട് സമ്മാനിച്ചത്.

ഇപ്പോൾ രണ്ട്​ ദശലക്ഷത്തിലധികം പേർ ബൈഡനെ ട്വിറ്ററിൽ പിന്തുടരുന്നുണ്ട്​. വൈറ്റ്​ ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടായ @WhiteHouse, പ്രഥമ വനിതയുടെ @FLOTUS, വൈസ്​ പ്രസിഡന്റിന്റെ @VP തുടങ്ങിയ അക്കൗണ്ടുകളും കൈമാറിക്കഴിഞ്ഞു.

'നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ നേരിടുന്ന കാര്യത്തിൽ ഇനി പാഴാക്കാൻ സമയമില്ല. ജോലി ചെയ്യാനുള്ള അവകാശത്തിനും അമേരിക്കയിലെ കുടുംബങ്ങൾക്ക് അടിയന്തിര​ ആശ്വാസം പകരാനുമായാണ്​ ഞാൻ ഒാവൽ ഒാഫീസിലേക്ക്​ പോകുന്നത് -

അക്കൗണ്ട് ലഭിച്ച ശേഷമുള്ള ബൈഡന്റെ ആദ്യ ട്വീറ്റ്