serum-

മരിച്ചത് തൊഴിലാളികൾ വാക്സിൻ പ്ലാന്റുകൾ സുരക്ഷിതം

മുംബയ്:രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് കുത്തിവയ്‌ക്കുന്ന കൊവിഷീൽഡ് വാക്‌സിൻ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ വാക്സിൻ കമ്പനിയായ പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണത്തിലിരിക്കുന്ന ബഹുനില മന്ദിരത്തിൽ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾ മരണമടഞ്ഞു. ഒൻപത് പേരെ രക്ഷപ്പെടുത്തി.വെൽഡിംഗ് യന്ത്രത്തിലെ തീപ്പൊരിയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കൊവിഷീൽ‌ഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന മഞ്ജരി കാമ്പസിലെ പ്ലാന്റിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചതെന്ന് റിപ്പോർട്ടുണ്ട്. കൊവിഷീൽഡ് പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റ‌ർ മാത്രം അകലെയാണ് ഈ കെട്ടിടം. അതേസമയം,​ കൊവിഡ് വാക്‌സിൻ പ്ലാന്റ് സുരക്ഷിതമാണെന്നും റോട്ടാവൈറസ് വാക്‌സിനും ബി.സി.ജി വാക്‌സിനുമാണ് മഞ്ജരി പ്ലാന്റിൽ നിർമ്മിക്കുന്നതെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലെ ഉച്ച കഴിഞ്ഞ് 2.45ന് പ്രത്യേക സാമ്പത്തിക മേഖല 3 ലുള്ള കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളിലാണ് തീപിടിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നമ്രത പാട്ടീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റു നിലകളിലേക്കും തീ പടർന്നു. കനത്ത പുക രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. മൂന്ന് മണിക്കൂറെടുത്ത് തീ അണച്ച ശേഷം നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയുടെ പത്ത് യൂണിറ്റുകളാണ് തീയണച്ചത്.

വാക്സിൻ സുരക്ഷിതം: അഡാർ പൂനാവാല

വാക്‌സിൻ ശേഖരവും വാക്‌സിൻ നിർമ്മാണ പ്ലാന്റുകളും സുരക്ഷിതമാണെന്ന് കമ്പനി സി.ഇ.ഒ അഡാർ പൂനാവാല അറിയിച്ചു. കൊവിഡ് വാക്സിൻ പ്ലാന്റിന് അകലെയാണ് തീപിടിത്തമുണ്ടായത്. റിസർവ് പ്ലാന്റുകൾ ഉള്ളതിനാൽ കൊവിഡ് വാക്സിൻ ഉത്പാദനം കുറയില്ല. പൂനയിലെ പ്രമുഖ വ്യവസായി സൈറസ് പൂനാവാല 1966ലാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഇൻസ്റ്റിറ്റ്യൂട്ട് 25 ലക്ഷം വീതം നൽകും.