വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം നടന്ന അമേരിക്കൻ സത്യപ്രതിജ്ഞ ചടങ്ങിൽ മിക്കവരുടേയും ശ്രദ്ധകേന്ദ്രമായ ഒരു നിറമുണ്ട്...പർപ്പിൾ. അതിമനോഹരമായ പർപ്പിൾ വസ്ത്രം ധരിച്ചാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ, 2016ലെ പ്രസിഡൻഷ്യൽ നോമിനി ഹിലരി ക്ലിന്റൺ, സെനറ്റർ എലിസബത്ത് വാറൻ തുടങ്ങിയവരും പർപ്പിളിന്റെ വിവിധ വകഭേദങ്ങളണിഞ്ഞാണ് എത്തിയത്. ഈ പർപ്പിൾ സ്നേഹത്തിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ചുവപ്പ് നിറവും ഡെമോക്രാറ്റിക് പാർട്ടിയുടെ നീലനിറവും കലർന്ന പർപ്പിൾ തിരഞ്ഞെടുത്തത് ഉഭയകക്ഷിബന്ധത്തിന്റെ പ്രതീകമായാണെന്നാണ് ചിലർ വിലയിരുത്തപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള മറ്റൊരു കാരണം കൂടി അതിനു പിന്നിലുണ്ട്. സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനവുമായി ബന്ധമുള്ള നിറമാണ് പർപ്പിൾ. വെള്ളയ്ക്കും പച്ചയ്ക്കുമൊപ്പം പർപ്പിൾ നിറവും സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പതാകയിലുണ്ട്. ഇത് കൂടാതെ, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ആഫ്രോ - അമേരിക്കൻ വംശജയായ ഷിർലി ചിഷോമിനോടുള്ള ആദരസൂചകമായാവും കമലയടക്കമുള്ള പ്രമുഖ വനിതകൾ പർപ്പിൾ ധരിച്ചതെന്നും കരുതപ്പെടുന്നു. യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ആഫ്രോ - അമേരിക്കൻ വംശജയായ ഷിർലി തന്റെ പ്രചാരണവേളകളിലെല്ലാം ധരിച്ചിരുന്നത് പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു.
എന്തായാലും കമലയുടേതടക്കമുള്ള പർപ്പിൾ വസ്ത്രങ്ങളെല്ലാം ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു. ആഫ്രോ - അമേരിക്കൻ വംശജനായ ക്രിസ്റ്റഫർ ജോൺ റോജേഴ്സ് ആണ് കമലയുടെ വസ്ത്രം ഡിസൈൻ ചെയ്തത്.